മുഖ്യമന്ത്രിക്കും പി.ജയരാജനുമെതിരെ വധഭീഷണി നടത്തിയ യുവാവ് അറസ്റ്റില്‍


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂരിലെ കൊവ്വല്‍ കളരിയിലെ പരത്തിവീട്ടില്‍ വിജേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്.


സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ മൂന്ന് ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഒരുമാസം മുന്‍പാണ് സംഭവം. കോഴിക്കോട് കുളത്തൂരിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് ഇപ്പോള്‍ വിജേഷ്. ടൗണ്‍ എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ആശ്രമത്തിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


നേരത്തേയും സമാനമായ കേസില്‍ വിജേഷ് പ്രതിയായിട്ടുണ്ട്. പിണറായി വിജയന്‍, പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു ടി.ഐ.മധുസൂദനന്‍ എന്നിവര്‍ക്കുനേരെയായിരുന്നു മുന്‍പ് വധഭീഷണി മുഴക്കിയത്.



Sharing is Caring