മാവോയിസ്റ്റ് നേതാവിന്റെ കീഴടങ്ങല്‍: പൊലിസില്‍ ഭിന്നത


പാലക്കാട്: സാഹസികമായി പിടികൂടിയെന്ന അവകാശവാദത്തോടെ അഗളി ഡിവൈ.എസ്.പി മാധ്യമങ്ങള്‍ക്കുമുന്നിലെത്തിച്ച മാവോവാദി നേതാവ് കാളിദാസന്‍ അവശനിലയില്‍ പൊലിസിനു കീഴടങ്ങിയതാണെന്ന് പൊലിസിലെ ഒരുവിഭാഗം. ബുധനാഴ്ച രാത്രി കാലില്‍ നീരുവന്ന് നടക്കാനാവാത്ത സാഹചര്യത്തില്‍ കാളിദാസനെ നാലംഗ മാവോയിസ്റ്റ് സംഘം മൂലക്കൊമ്പ് ആദിവാസി ഊരിലെത്തിച്ചിരുന്നു. കാളിദാസന്റെ ചികിത്സയും സുരക്ഷയും ആദിവാസികളെ ഏല്‍പ്പിച്ചാണ് സംഘം മടങ്ങിയത്.


ഇക്കാര്യം വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അറിയുകയും മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കാന്‍ അഗളി ഡിവൈ.എസ്.പി സുബ്രഹ്മണ്യന്‍ തന്റെ വിശ്വസ്തരായ രണ്ടു പൊലിസുകാരെ മൂലക്കൊമ്പ് ഊരിലേക്ക് അന്വേഷണത്തിന് വിടുകയും പൊലിസ് സംഘം അവശനായ കാളിദാസനെ ഊരിനു പുറത്തേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തുവെന്നാണ് വിവരം.
കാളിദാസനെ കസ്റ്റഡിയില്‍ കിട്ടിയെന്നറിഞ്ഞ ഡിവൈ.എസ്.പി ഇക്കാര്യം പുറത്തറിയരുതെന്ന് സംഘത്തിലെ പൊലിസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും രാത്രി രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു.


പിന്നീട് കാളിദാസനെ സാഹസികമായി അറസ്റ്റ് ചെയ്‌തെന്ന് മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കാളിദാസന്‍ കസ്റ്റഡിയിലായശേഷവും അഗളി സി.ഐ, എസ്.ഐ എന്നിവരെ മാറ്റിനിര്‍ത്തുകയാണുണ്ടായത്. സംസ്ഥാന, ജില്ലാ ഇന്റലിജന്‍സ് ഏജന്‍സികള്‍, തമിഴ്‌നാട് ക്യൂബ്രാഞ്ച് എന്നിവയിലെ ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചില്ല. ഡിവൈ.എസ്.പി വണ്‍മാന്‍ഷോ നടത്തുകയായിരുന്നുവെന്നാണ് മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട പൊലിസ് ഓഫിസര്‍മാരുടെ പരാതി.

ഇന്നലെ അട്ടപ്പാടിയില്‍ നിന്ന് വന്‍സുരക്ഷയോടെ കോയമ്പത്തൂര്‍ വഴി പാലക്കാട്ടെത്തിച്ച കാളിദാസനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ എ.എസ്.പി പൂങ്കുഴലിയുടെ പെരുമാറ്റവും പ്രതിഷേധത്തിനിടയാക്കി. മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തേക്കുപോലും പോകാന്‍ അനുവദിക്കാതെ എ.എസ്.പി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ പൊലിസ് മേധാവിയോട് പരാതിപ്പെട്ടു.
മാവോവാദി നേതാവ് സോമന്റെ നേതൃത്വത്തിലുള്ള സംഘം പൊലിസിനു മുന്നില്‍ കീഴടങ്ങുമെന്ന പ്രഖ്യാപനം വന്നതുമുതല്‍ ഉയര്‍ന്ന പൊലിസ് ഓഫിസര്‍മാര്‍ കീഴടങ്ങല്‍ വേഗത്തിലാക്കാന്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. ഈ നീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്ന ഘട്ടത്തില്‍ മുഴുവന്‍ മുതിര്‍ന്ന ഓഫിസര്‍മാരേയും കടത്തിവെട്ടി വ്യക്തിപരമാ യി നേട്ടമുണ്ടാക്കാന്‍ ഡിവൈ.എസ്.പി ശ്രമിച്ചെന്നാണ് മറ്റു ഉദ്യോസ്ഥരുടെ പരാതി.
കാളിദാസനെ പാലക്കാട് ജില്ലാ സെഷന്‍സ് കോടതി അഞ്ചു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വിട്ടുതരണമെന്ന പൊലിസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ശിരുവാണി ദളത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ് കാളിദാസനെന്ന് പൊലിസ് പറഞ്ഞു.



Sharing is Caring