മാല കവര്‍ച്ചക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവം: എസ്‌ഐക്ക് സ്ഥലംമാറ്റം


കണ്ണൂര്‍: മാല കവര്‍ച്ചക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവത്തില്‍ എസ്‌ഐക്ക് സ്ഥലംമാറ്റം. കണ്ണൂര്‍ ചക്കരക്കല്‍ എസ്.ഐ പി.ബിജുവിനെയാണ് സ്ഥലം മാറ്റിയത്. ട്രാഫിക് എന്‌ഫോഴ്‌സ്‌മെന്റിലേക്കാണ് മാറ്റം.


വീട്ടമ്മയുടെ മാല മോഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് താജുദ്ദീനെ ചക്കരക്കല്‍ എസ്.ഐ ബിജു അറസ്റ്റ് ചെയ്തത്. കള്ളക്കേസില്‍പ്പെട്ട് ജയിലില്‍ കിടന്നതോടെ പ്രവാസിയായ താജുദ്ദീന് ജോലി നഷ്ടപ്പെട്ടിരുന്നു. മക്കളുടെ വിദ്യാഭ്യാസവും മുടങ്ങി. മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ആഗസ്ത് 11നാണ് മാല കവര്‍ച്ചക്കേസില്‍ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖലക്ഷണം നോക്കിമാത്രമായിരുന്നു പൊലീസ് നടപടി. പരാതിക്കാരി തിരിച്ചറിയുക കൂടി ചെയ്തതോടെയാണ് താജുദ്ദീന്‍ 54 ദിവസം ജയിലിലായത്.


ജയിലില്‍ നിന്ന് പുറത്തുവന്ന താജുദ്ദീന്‍ നിരപരാധിത്വം തെളിയിക്കാന്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി. അങ്ങനെയാണ് സമാനകേസില്‍ ജയിലിലുള്ള ക്രിമിനല്‍ കേസ് പ്രതിയെ കണ്ടെത്തുന്നത്. ഇയാളുമായി തനിക്കുള്ള രൂപസാദൃശ്യമാണ് വിനയായതെന്ന് മനസ്സിലായ താജുദ്ദീന്‍ ഡിജിപിക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് താജുദ്ദീന്‍ നിരപരാധിയാണെന്ന് തെളിഞ്ഞത്.

എന്നാല്‍ താജുദ്ദീന്‍ നിരപരാധിയാണെന്ന് തെളിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുറ്റക്കാരനായ പൊലീസുകാരനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലായിരുന്നു. ഇതോടെ ചക്കരക്കല്‍ എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരത്തിനറങ്ങിയിരുന്നു. ഒടുവിലാണ് ഇപ്പോള്‍ എസ്‌ഐക്ക് സ്ഥലംമാറ്റിയത് കിട്ടിയത്.



Sharing is Caring