മാത്യു ടി.തോമസിനെതിരെ ജനതാദളില്‍ കലാപം; മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് കൃഷ്ണന്‍കുട്ടി വിഭാഗം; ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗം നിര്‍ണായകം


മാത്യു ടി.തോമസിനെതിരെ ജനതാദളില്‍ (എസ്) കലാപം. മന്ത്രി സ്ഥാനത്തു നിന്നും അദേഹത്തെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിയെയാണു പകരം നിര്‍ദേശിക്കുന്നത്. ഇന്നും നാളെയുമായി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.


നിയമസഭാകക്ഷി യോഗം വിളിച്ചുചേര്‍ത്തു പുതിയ മന്ത്രിയെ നിശ്ചയിക്കണമെന്ന ആവശ്യമാണു കൃഷ്ണന്‍കുട്ടി വിഭാഗം മുന്നോട്ട് വച്ചിരിക്കുന്നത്. മൂന്നംഗ നിയമസഭാകക്ഷിയെ നയിക്കുന്നതു മുതിര്‍ന്ന നേതാവായ സി.കെ.നാണുവാണ്. കൃഷ്ണന്‍കുട്ടിയെ അദ്ദേഹം പിന്തുണയ്ക്കുന്നതിനാല്‍ നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണമെന്നാണ് ആവശ്യം.


പിണറായി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി കൃഷ്ണന്‍കുട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയെ നേരത്തെ സമീപിച്ചിരുന്നു. മന്ത്രിസഭാ രൂപീകരണ വേളയില്‍ നിയമസഭാകക്ഷിയിലും പാര്‍ട്ടിയിലും തനിക്കായിരുന്നു ഭൂരിപക്ഷമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാല്‍ ആദ്യ രണ്ടുവര്‍ഷമെന്ന ഒരു ധാരണയും മന്ത്രിസഭാ രൂപീകരണ വേളയിലില്ലെന്നു മാത്യു ടി. തോമസിനെ അനുകൂലിക്കുന്നവരുടെ പക്ഷം.



Sharing is Caring