മഹാരാഷ്ട്രയിലെ ജല്‍നയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. 6 പേർക്ക് പരിക്ക്.പണ്ടര്‍പൂർ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് തുപേവാഡിയില്‍ വെച്ച് ഇവർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം തെറ്റി കിണറ്റില്‍ വീഴുകയായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
എതിർദിശയില്‍ വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടാതിരിക്കാൻ വെട്ടിക്കുന്നതിനിടയില്‍ ജീപ്പ് റോഡില്‍ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡില്‍ ഗാർഡ് റെയിലുകളില്ലാത്തതാണ് ദുരന്തത്തിന് കാരണമായത്.

ബദ്‌നാപൂർ തെഹ്‌സിലിലെ ചനേഗാവ് സ്വദേശികളായ നാരായണ്‍ നിഹാല്‍ (45), പ്രഹ്ലാദ് ബിറ്റ്ലെ (65), പ്രഹ്ലാദ് മഹാജൻ (65), നന്ദ തായ്‌ഡെ (35), ചന്ദ്രഭ്ഗ ഘുഗെ എന്നിവരും ഭോകർദനില്‍ നിന്നുള്ള താരാഭായ് മലുസാരെ, രഞ്ജന കാംബ്ലെ (35) എന്നിവരുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവറടക്കം 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻവശത്തെ വാതിലുകള്‍ അടഞ്ഞതിനാല്‍ ചിലർ ഉള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.













