മുംബൈ: ലഹരികടത്തു കേസില്‍ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ സജി മോഹന് 15 വര്‍ഷം തടവ്. 2009ല്‍ 12 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹെറോയിനുമായി ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നത്. സജിയുടെ ഡ്രൈവറായിരുന്ന രാജേഷ് കുമാര്‍ കടാരിയയ്ക്കു 10 വര്‍ഷം തടവും വിധിച്ചു. ലഹരി കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മേഖലാ ഡയറക്ടറായിരിക്കെ പിടിച്ചെടുത്ത ലഹരിവസ്തുക്കളില്‍ 50 ശതമാനത്തോളം സജി മോഹന്‍ ലഹരിസംഘങ്ങള്‍ക്കു മറിച്ചുവിറ്റെന്നാണു കേസ്.മുംബൈയിലെ അന്ധേരി ഓഷിവാര ക്ലാസിക് ക്ലബില്‍ ഹെറോയിന്‍ വില്‍പനയ്ക്കു ശ്രമിക്കവേ ഭീകരവിരുദ്ധ സേന (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ്, 2 ആഴ്ച കഴിഞ്ഞപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ സജി, ജമ്മു-കശ്‌മീര്‍ കേഡറിലെ 1995 ബാച്ച് ഉദ്യോഗസ്‌ഥനാണ്. സമാനമായ മറ്റൊരു കേസില്‍ 2013ല്‍ ഛണ്ഡിഗഡ് കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ച സജി മോഹന്‍, നിലവില്‍ ഛണ്ഡിഗഡ് ജയിലിലാണ്.













