തിരുവനന്തപുരം: പെട്ടെന്നൊരു യാത്ര പോകണം. റിസര്‍വ് ചെയ്യാന്‍ പണവുമില്ല.ഇങ്ങനെയുള്ള യാത്രക്കാര്‍ക്കും, മലബാറിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ആശ്വാസമായി വരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സപ്രസിന്റെ കോച്ചുകള്‍ കൊച്ചുവേളിയിലെത്തി.കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ഉടന്‍ സര്‍വീസ് ആരംഭിക്കും. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി.
വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും തിരിക്കും. ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം.വടക്കന്‍ ജില്ലകളിലുള്ള സാധാരണക്കാരായ യാത്രക്കാര്‍ക്കാണ് ഇത് ഗുണകരമാകുന്നത്.

അന്ത്യോദയക്കായി ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് ഒരുങ്ങുന്നത്. ആന്റി ടെലസ്കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മ്മാണം. ബയോടോയ്ലറ്റുകളാണുള്ളത്.
വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ നിലവില്‍ വടക്കന്‍ ജില്ലകളിലേക്ക് ട്രെയിനുകളില്ല. മുഖ്യമന്ത്രി പിണറായി വിജയന് യാത്രാദുരിതം റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചത്.ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.ട്രെയിനിനായി ആഴ്ചകള്‍ക്കുമുമ്ബ് കോച്ചുകള്‍ കൊച്ചുവേളിയില്‍ എത്തിയതാണ്. എന്നാല്‍, ഇവ ഉന്നത നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസമാണ് ചെന്നൈയില്‍നിന്ന് പുതിയ കോച്ചുകള്‍ എത്തിച്ചത്.
കുഷ്യന് സീറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, കുടിവെള്ളത്തിന് ഓരോ കോച്ചിലും രണ്ടു വാട്ടര്‍ ഡിസ്പെന്‍സറുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയാണു മറ്റു സൗകര്യങ്ങള്‍. മുന്‍പും അന്ത്യോദയ സര്‍വീസ് ആരംഭിക്കാന്‍ റേക്ക് എത്തിച്ചിരുന്നെങ്കിലും സൗത്ത് സെന്‍ട്രല്‍ റെയില്‍വേയ്ക്കു ഹൈദരാബാദില്‍നിന്നു സ്പെഷല്‍ ഓടിക്കാന്‍ കൈമാറുകയായിരുന്നു. ഈ കോച്ചുകള്‍ക്കും ആ ഗതി വരാതെ സര്‍വീസ് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ അടിയന്തര നടപടി സ്വീകരിക്കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടു. അന്ത്യോദയയ്ക്കു പുറമേ ഗാന്ധിധാം തിരുനെല്‍വേലി ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം – ബെംഗളൂരു ബൈവീക്ക്ലി എന്നിവയാണു മുന്‍പു പ്രഖ്യാപിച്ചിട്ടും ഇതുവരെ സര്‍വീസ് ആരംഭിക്കാത്തവ.
മംഗളൂരു കൊച്ചുവേളി ബൈവീക്ക്ലി സമയക്രമം റെയില്‍വേ നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ സ്റ്റോപ്പുകള്‍ സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ല. ആലപ്പുഴ വഴിയാകും സര്‍വീസ്. മംഗളൂരു കൊച്ചുവേളി അന്ത്യോദയ (16356) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു മംഗളൂരുവില്‍നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിമംഗളൂരു അന്ത്യോദയ (16355) വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവിലെത്തും. 18 കോച്ചുകളാണു ട്രെയിനിലുണ്ടാകുക. ജനറല്‍ കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയ സര്‍വീസ് ആരംഭിക്കുന്നതോടെ മലബാര്‍, മാവേലി എക്സ്പ്രസുകളിലെ ജനറല്‍ കോച്ചുകളിലെ തിരക്കു കുറയും. സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കു സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണു റെയില്‍വേ.













