മലപ്പുറം കലക്ടറേറ്റില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. സ്‌ഫോടനം നടത്തിയ ബേസ് മൂവ്മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ള കരീം, അബ്ബാസ് അലി, അയൂബ് എന്നിവരാണ് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് അറസ്റ്റിലായത്. ഇവര്‍ക്ക് കൊല്ലം കളക്ടറേറ്റ് സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. ദാവൂദ്, ഹക്കിം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൈസൂരു, നെല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതികളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തി.
നവംബര്‍ ഒന്നിനാണ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടതിക്ക് മുന്നില്‍ സ്ഫോടനം നടന്നത്. ഹോമിയോ ഡിഎംഒയുടെ കാറിന് പിന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. അല്‍ഉമ്മ എന്ന ഭീകരസംഘടനയുടെ പുതിയ പതിപ്പായ ബേസ് മൂവ്മെന്റാണ് സ്ഫോടനത്തിന് പിന്നിലെന്ന് സ്ഥിതീകരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ പെട്ടിയും പെന്‍ഡ്രൈവും പരിശോധിച്ചതിലൂടെ പ്രതികളെ കുറിച്ച് എന്‍ഐഎ സംഘത്തിന് വ്യക്തമാ ധാരണ ലഭിച്ചു. പ്രഷര്‍കുക്കര്‍ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നും, ബോംബ് ഉണ്ടാക്കാനുള്ള കുക്കര്‍ തമിഴ്നാട്ടില്‍ നിര്‍മ്മിച്ചതാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

മലപ്പുറം ജില്ലയിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ വ്യക്തികളെയും നിരീക്ഷിക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. മലപ്പുറം നഗരത്തിലെ എടിഎമ്മുകളിലെ സിസിടിവികളും പരിശോധിച്ചു. വ്യക്തമായ തെളിവുകളോടെയാണ് എന്‍ഐഎ സംഘം പ്രതികളെ പിടികൂടിയിരിക്കുന്നത്.













