മയക്കുമരുന്നു വേട്ട: 18 കിലോ ഖാട്ട് ഇല പിടിച്ചു


എത്യോപ്യയില്‍ നിന്നെത്തിച്ച നിരോധിത മയക്കുമരുന്ന്, 180 കിലോ ഖാട്ട് ഇല കസ്റ്റംസ് പിടിച്ചു. കേരളത്തില്‍ ഈ മയക്കു മരുന്ന് അസാധാരണമാണ്. കൊല്ലം സ്വദേശി ഗിരീഷിനെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഖാട്ട് ഇല പിടിക്കുന്നത്. കാത്തിനോണ്‍, കാത്തെയ്ന്‍ തുടങ്ങിയ രാസവസ്തുക്കളടങ്ങിയതാണ് ഖാട്ട് ഇല.


രണ്ട് ദിവസം മുമ്പാണ് തപാല്‍ വകുപ്പിന്റെ ചിറ്റൂര്‍ റോഡിലുള്ള വിദേശ തപാല്‍ ഓഫീസില്‍ ഗിരീഷിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് ഉണങ്ങിയ ഖാട്ട് ഇല എത്തിയത്.


രണ്ട് കിലോ വീതമുള്ള ഒമ്പത് വലിയ കടലാസ് പെട്ടികളിലായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവിന് സമാനമായ ഖാട്ട് ഇല കണ്ടെത്തിയത്. ദല്‍ഹിയിലേക്ക് കൊണ്ടുപോകാനാണ് മയക്കുമരുന്ന് എത്തിച്ചത്. ഗിരീഷിന്റെ ബന്ധുവിനെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

ഗിരീഷിനെ ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്ന് സൂപ്രണ്ട് ആര്‍. പ്രതാപ് കുമാര്‍ പറഞ്ഞു. ഗിരീഷിന്റെ ബന്ധുവും കുവൈറ്റില്‍ ജോലിക്കാരനുമായ സന്ദീപാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുക്കും. പ്രിവന്റീവ് കമ്മീഷണറേറ്റ് സൂപ്രണ്ട് പത്മരാജന്റെ നേതൃത്വത്തില്‍ ഗിരീഷിനെ ചോദ്യംചെയ്യുകയാണ്.

സൂപ്രണ്ട് കെ. കൃഷ്ണകുമാര്‍, എക്‌സാമിനര്‍മാരായ എ. കെ. രശ്മി, സമീര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അശോക് എന്നിവരുടെ നേതൃത്വത്തിലാണ് ഖാട്ട് ഇല പിടികൂടിയത്. ഇതിന്റെ ഇന്ത്യന്‍ വിപണി മൂല്യം കണക്കാക്കിയിട്ടില്ല.

ഖാട്ട്: പച്ചിലയും ഉണങ്ങിയതും ലഹരി

അമേരിക്കയിലും ചൈനയിലും മറ്റും നിരോധിച്ചിട്ടുള്ള ഖാട്ടിന്റെ അമിത ഉപയോഗം വിഷാദം, ഉറക്കമില്ലായ്മ, വന്ധ്യത, ആക്രമണോത്സുകത, വയര്‍-വായ് കാന്‍സര്‍, ദഹനക്കുറവ് എന്നിവയുണ്ടാക്കും. എത്യോപ്യ, സൊമാലിയ, കെനിയ എന്നിവിടങ്ങളില്‍ ഖാട്ട്കൃഷി നിയമവിധേയമാണ്.



Sharing is Caring