തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാനുമായ റെമജിയോസ് ഇഞ്ചനാനിയില്‍ രംഗത്ത്. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന് ഇഞ്ചനാനിയില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മദ്യനയം പ്രതിഫലിക്കുമെന്ന് ഇഞ്ചനാനിയല്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ രണ്ടിന് സംസ്ഥാനവ്യാപകമായി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബാര്‍ പോലും തുറക്കില്ലെന്ന വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴെടുത്തിരുക്കുന്ന തീരുമാനങ്ങള്‍. ഏറ്റവും ആദ്യം മദ്യശാലകള്‍ക്ക് അനുമതി നല്കാന് പഞ്ചായത്തുകള്‍ക്ക് നല്‍കിയിരുന്ന അധികാരം കവര്‍ന്നെടുത്തു. ഒരു വലിയ ദുരന്തം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതില്‍ എല്ലാ ജനങ്ങളും അണിനിരക്കണം. ഇഞ്ചനാനിയില്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ പുതുതായി ഒരു ബാറുകളും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് പറഞ്ഞു. അടച്ചുപൂട്ടിയ ബാറുകളാണ് തുറക്കുന്നത്. ഇതിന് സുപ്രിം കോടതിയുടെ അനുമതിയുണ്ട്.
പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരങ്ങളായി പരിഗണിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് താമരശേരി ബിഷപ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഈ പ്രദേശങ്ങളില്‍ മദ്യശാലകള്‍ തുടങ്ങാന്‍ നിശ്ചിതദൂരപരിധി പാലിക്കേണ്ടതില്ല. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുറക്കുന്നതിന് ദേശീയ-സംസ്ഥാനപാതകളില്‍ നിന്നുള്ള ദൂരപരിധി പാലിക്കേണ്ടതില്ലെന്നും ഇത്തരം പട്ടണങ്ങളെ സംസ്ഥാനസര്‍ക്കാരിന് തീരുമാനിക്കാമെന്നുമായിന്നു സുപ്രിം കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.













