മദ്ധ്യപ്രദേശിന് പിന്നാലെ പഞ്ചാബിലെ കര്‍ഷകരും സമരത്തിലേക്ക്


പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില കൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യപ്രദേശിലെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ ക‌ർഷകരും പ്രതിഷേധ സമരം നടത്തുന്നു. പഞ്ചാബിലെ ഏഴ് കർഷക ട്രേഡ് യൂണിയനുകളാണ് മദ്ധ്യപ്രദേശിലെ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.


തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തിയ കർഷകർക്ക് നേരെ വെടിയുതിർത്ത പൊലീസ് നടപടികളിൽ കടുത്ത പ്രതിഷേധമറിയിച്ച സംഘടനകൾ, കർഷകരുടെ കടങ്ങൾ എഴുതി തളളണം, മദ്ധ്യപ്രദേശിലെ കർഷകർക്ക് നീതി ലഭിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 12നാണ് പ്രതിഷേധ സമരം നടത്തുന്നത്.


ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ മോഗയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സംഘടനകൾ, മദ്ധ്യപ്രദേശിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ബി.കെ.യു ഏക്‌താ ദക്കൊണ്ട, കീർത്തി കിസാൻ യൂണിയൻ, കിസാൻ സംസ്‌കാർ കമ്മിറ്റി (കെ.എസ്.സി) പഞ്ചാബ്, കെ.എസ്.സി ആസാദ്, ക്രാന്തികരി കിസാൻ യൂണിയൻ പഞ്ചാബ്, ബി.കെ.യു. കൊരാനികർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. കർഷകരുടെ നേർക്ക് വെടിയുതിർത്ത പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിംഗിനും പ്രധാനമന്ത്രിയ്‌ക്കും ജൂൺ 12ന് ഇവർ നിവേദനം സമർപ്പിക്കും.



Sharing is Caring