കോഴിക്കോട്: മതേതരത്വം തകര്‍ക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ്(എം) ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും പിണറായിയും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ഒരേസ്വരത്തില്‍ എതിര്‍ക്കുകയാണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് അത്തരം നിഷേധാത്മക നിലപാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ യു.ഡി.എഫ് ഭരണകാലത്ത് പെട്രോള്‍വില വര്‍ധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കി അധികവരുമാനം വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ വിലക്കയറ്റം ലഘൂകരിച്ചിരുന്നു. അതുപോലെ ഇപ്പോഴത്തെ സര്‍ക്കാറും ചെയ്യേണ്ടതാണ്. കേന്ദ്രകേരള സര്‍ക്കാറുകള്‍ സംയുക്തമായി കേരള ജനതയെ ദ്രോഹിക്കുകയാണെന്നും മാണി പറഞ്ഞു.
നികുതികള്‍ ഏകീകരിച്ച് ജി.എസ്.ടി നിലവില്‍വന്നപ്പോള്‍ വില വര്‍ധിക്കുന്നത് വിരോധാഭാസമാണ്. വിപണിയില്‍ ഇടപെട്ട് സര്‍ക്കാര്‍ വിലവര്‍ധന തടയാന്‍ നയം രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













