മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീയണച്ചു; കമ്പനി അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഫയര്‍ഫോഴ്‌സ്


തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിലെ തീയണച്ചു. 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണും നിര്‍മാണ യൂണിറ്റും പൂര്‍ണമായും കത്തിനശിച്ചു. ഫാക്ടറിയിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.


അതേസമയം, ഫാമിലി പ്ലാസ്റ്റിക്‌സ് അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. അഗ്നിശമന സേനയുടെ എന്‍ഒസി നേടിയിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രദീപ് പറഞ്ഞു. ആവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും കമ്പനിയിലുണ്ടായിരുന്നില്ലെന്നും പ്രദീപ്. കേരളത്തിലെ ഏറ്റവും വലിയ തീപിടിത്തമാണ് ഉണ്ടായതെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു.


തീപിടിത്തത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ വിഭാഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണച്ചുമതല. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

പൊലീസും അഗ്നിശമനസേനയും സംയുക്തമായിട്ടായിരിക്കും അന്വേഷണം നടത്തുക. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ പൂര്‍ണമായും അണഞ്ഞാല്‍ കെട്ടിടത്തിനുള്ളില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുമെന്ന് പൊലീസും അറിയിച്ചു.

ബലക്ഷയമുള്ള കെട്ടിടത്തിന്‍റെ ചില ഭാഗത്തെ ഭിത്തികള്‍ കയറും കപ്പിയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അഗ്നി ശമനസേനയും പൊലീസും. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഫാക്ടറിയിലെ തൊഴിലാളികളെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ച്‌ ബോധരഹിതരായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമാകുകയുള്ളു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് സൂചന. സുരക്ഷ മുന്‍ കരുതലിന്റെ ഭാഗമായി സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മണ്‍വിള, കുളത്തൂര്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ പൊലീസും അഗ്നിശമനസേനയും സമഗ്രമായ അന്വേഷണം നടത്തും. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്ഥാപനമുടമകള്‍ക്ക് സംശയമുണ്ടെങ്കിലും ഇല്ലെങ്കിലും അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളുന്നില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി 7മണിയോടെയാണ് ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റിന് തീപിടുത്തമുണ്ടായത്. നാലു നിലയുള്ള കെട്ടിടവും അതിനുള്ളിലുണ്ടായിരുന്ന ഉല്‍പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു. സമീപ ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളടക്കം മുപ്പതോളം അഗ്‌നിശമന സേനാ വിഭാഗവും വിമാനത്താവളത്തില്‍ നിന്നുള്ള പമ്പര്‍ യൂണിറ്റും തീയണക്കാനായെത്തി. ആറു മണിക്കൂര്‍ നേരമാണ് നിയന്ത്രണ വിധേയമാവാതെ തീ ആളികത്തിയത്.



Sharing is Caring