മണിപ്പുരില്‍ കലാപത്തെത്തുടർന്ന് അഭയാർഥി ക്യാന്പുകളില്‍ കഴിയുന്നവർ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.ഇംഫാല്‍ ഈസ്റ്റിലെ ദോലൈതാബി അണക്കെട്ടിനു സമീപം പുഖാവോയിലാണ് ഏറ്റുമുട്ടല്‍.അഭയാർഥിക്യാന്പില്‍ തുടരുകയായിരുന്ന എകൗ, ദോലൈതാബി, യെംഗ്ഖുമാൻ മേഖലയില്‍ നിന്നുള്ളവരെ സുരക്ഷാസേന തടഞ്ഞതാണു സംഘർഷത്തിനു കാരണം.
ഇതോടെ ആളുകള്‍ അക്രമാസക്തരായി. ആളുകളെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.കൃഷി മുടങ്ങിയതോടെ ദൈനംദിന ജീവിതം ഏറെ വിഷമത്തിലായെന്നും മടങ്ങിപ്പോകാൻ ഇതാണു കാരണമെന്നും പ്രതിഷേധക്കാർ പറയുന്നു.

കുക്കി മേധാവിത്വമുള്ള അതിർത്തിഗ്രാമങ്ങളിലേക്കുള്ള ഇവരുടെ തിരിച്ചുപോക്ക് വീണ്ടും സംഘർഷത്തിനു കാരണമാകുമെന്നാണു സുരക്ഷാസേനയുടെ വാദം. 2023 ല്‍ രൂക്ഷമായ കലാപം നടന്ന മേഖലയാണിത്.













