മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു


തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പോലീസ് അറസ്റ്റ് ചെയതു. തൃശൂര്‍ പോലീസ് ക്ലബില്‍ വച്ച്‌ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശ്രീകുമാര്‍ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.


നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ജാമ്യത്തിന് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധ ഭീഷണിയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നായിരുന്നു മഞ്ജുവിന്റെ പരാതി.
വൈകിട്ട് നാലുമണിക്കാണ് ശ്രീകുമാര്‍ മേനോന്‍ തൃശൂര്‍ പോലീസ് ക്ലബ്ബിലെത്തിയത്. ഇത്രനാളും നാട്ടിലില്ലാത്തതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാഞ്ഞതെന്ന് ശ്രീകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.


കേസില്‍ മഞ്ജുവിന്റെ രഹസ്യ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

പരാതിയില്‍ മഞ്ജു വാര്യരുടേയും ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ എന്നിവരുടേയും മൊഴി ക്രൈം ബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു.



Sharing is Caring