ഭാര്യയ്ക്ക് സുഖമില്ലെന്ന് സന്ദേശം; ഉടന്‍ സ്ഥലത്തെത്താന്‍ യുവാവ് പൊലീസ് വാഹനം തട്ടിയെടുത്തു


ഹൈദരാബാദ്: ഭാര്യയ്ക്ക് സുഖമില്ലെന്നും ഉടന്‍ എത്തണമെന്നുമുള്ള സന്ദേശം കിട്ടിയപ്പോള്‍ എത്രയും വേഗം എങ്ങനെയെങ്കിലും ഭാര്യയുടെ അടുത്തെത്തണം എന്നുമാത്രമേ ആ ഭര്‍ത്താവ് ചിന്തിച്ചുള്ളൂ. പെട്ടന്ന് വാഹനങ്ങളൊന്നും കിട്ടാതായപ്പോള്‍ പിന്നെ അടുത്തു കണ്ടത് പൊലീസ് വാഹനമാണ്.പിന്നൊന്നും ആലോചിച്ചില്ല ജീപ്പിനു സമീപം നില്‍ക്കുന്ന പൊലീസ് ഡ്രൈവറോട് ചെന്നു പറഞ്ഞു സിഐ ഉടന്‍ വാഹനം എത്തിക്കാന്‍ ആവശ്യപ്പെട്ടു എന്ന്. ഡ്രൈവര്‍ ആലോചിച്ച്‌ തീരുമാനമെടുക്കുന്നതിനു മുന്‍പ് താക്കോല്‍ വാങ്ങി യുവാവ് വണ്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു.


തെലുങ്കാനയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സ്‌നേഹത്തിന് കണ്ണില്ലാന്നു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും സ്‌നേഹം വരുംവരായ്കകളെക്കുറിച്ച്‌ ചിന്തിക്കുകയുമില്ലെന്ന് വ്യക്തമാക്കിയ സംഭവമാണ് നടന്നത്.ഒരു ഷോപ്പിംഗ് മാളിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു പൊലീസ് വാഹനം. സമീപത്ത് നില്‍ക്കുകയായിരുന്ന പൊലീസ് ഡ്രൈവറോട് സിഐ വാഹനം ഉടന്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അറിയിച്ചാണ് മുപ്പതുകാരനായ തിരുപ്പതി ലിംഗരാജു വാഹനം കൈക്കലാക്കിയത്. ഡ്രൈവര്‍ താക്കോല്‍ കൈമാറിയതോടെ ഇയാള്‍ വാഹനവുമായി പോകുകയും ചെയ്തു.


പിന്നീട് സംശയം തോന്നിയ ഡ്രൈവര്‍ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലായത്. ഉടന്‍തന്നെ വാഹനം കടത്തിക്കൊണ്ടുപോയ കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചെക്ക്‌പോസ്റ്റിനു സമീപത്ത് വച്ച്‌ പൊലീസ് വാഹനം തടഞ്ഞു.

പൊലീസ് പിടികൂടിയപ്പോഴും ഭാര്യയ്ക്ക് സമീപം എത്താന്‍ കഴിയാത്തതിന്റെ വേവലാതിയിലായിരുന്നു തിരുപ്പതിലിംഗരാജു. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ എത്രയും പെട്ടന്ന് അവിടെയെത്താനാണ് താന്‍ പൊലീസ് വാഹനം നുണ പറഞ്ഞ് വാങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതിനാല്‍ ഇയൊളെ പൊലീസ് വിട്ടയക്കുകയായിരുന്നു.



Sharing is Caring