വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത


തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. ഇടുക്കിയെ കൂടാതെ വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.


വടക്കന്‍ ജില്ലകളിലാണ് കാലവര്‍ഷം കാര്യമായി ബാധിച്ചത്. ഉരുള്‍പൊട്ടല്‍ മേഖലയായ കോഴിക്കോട് ആനക്കാം പൊയിലില്‍ ഇന്നലെ വൈകിട്ടോടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഒറ്റപ്പെട്ടുപോയ 40 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നെല്ലിപ്പൊയിലില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി. പാത്തിപ്പാറ കൂരാട്ട്പാറ മേഖല പൂ‍ര്‍ണ്ണമായും ഒറ്റപ്പെട്ടു.


തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ഇരിട്ടി മലയോര മേഖലയില്‍ ഉരുള്‍പൊട്ടി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ രണ്ട് റോഡുകള്‍ ഒലിച്ചുപോയി. വീടുകള്‍ക്ക് കേടുപാടുണ്ടായി. അപകടഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂവകുപ്പ്.

ഇടുക്കിയില്‍ വിവിധയിടങ്ങളിലായി 52 പേരെ മാറ്റിപാര്‍പ്പിച്ചു. 12 വീടുകള്‍ പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വന്‍ കൃഷിനാശമുണ്ടായി. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഭവാനിപ്പുഴയും ശിരുവാണിപ്പുഴയും കരകവിഞ്ഞതോടെ പുതൂര്‍ മേഖലയിലെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം പഞ്ചാ യത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും.



Sharing is Caring