ഭാരതപ്പുഴയിലെ തുരുത്തിൽ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരെത്തി നടത്തുന്ന രക്ഷാപ്രവർത്തനത്തില്‍ ഇതുവരെ മുപ്പതോളം കാലികളെ രക്ഷിച്ചു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് കന്നുകാലി കൂട്ടങ്ങളെ കരക്കെത്തിക്കാൻ നടപടി ആരംഭിച്ചത്. കനത്ത മഴയില്‍ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്നാണ് കാലികൂട്ടങ്ങൾ തിരുന്നാവായപുഴയിൽ കുടുങ്ങിയത്. നിളയുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ എതാനും ദിവസങ്ങളായി കന്നുകാലി കൂട്ടങ്ങള്‍ കുടുങ്ങി കിടക്കുന്നത്. നാല്ക്കാലികളുടെ കൂട്ട നിലവിളിയാണ് പുഴയിലെങ്ങും. പോത്ത്, എരുമ,പശു തുടങ്ങിയ മീണ്ടാപ്രാണികളാണ് ജിവനുവേണ്ടി അലയുന്നത്. പുഴയില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തുന്നതിന് റവന്യു പൊലീസ് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

മാംസകച്ചവടത്തിനും മറ്റും കൊണ്ടുവരുന്നവരാണ് നാല്‍ക്കാലികളെ പുഴയിലേക്ക് തള്ളിവിടുന്നത്. യഥേഷ്ടം പുല്ലും വെള്ളവും പുഴയില്‍ നിന്ന് ലഭിക്കുമെന്നതിനാലാണ് ഉടമസ്ഥര്‍ മിണ്ടാപ്രാണികളെ കൊണ്ടുവന്ന് പുഴയില്‍ തള്ളുന്നത്. ചന്തകളില്‍ നിന്നും ചെറു പ്രായത്തില്‍ 5,000 ത്തിനും 10,000 ത്തിനും വാങ്ങുന്ന മാടുകളെയാണ് പുഴയില്‍ എത്തിക്കുന്നത്. മൂന്നോ നാലോ മാസം കൊണ്ട് ലക്ഷങ്ങള്‍ വിലയുള്ളവയായി ഇവ വളരും. പിന്നീട് ഉടമസ്ഥര്‍ വന്ന് പിടിച്ചു കൊണ്ടു പോകുകയും വില്‍പ്പന നടത്തുകയും ചെയ്യും.
പെരുമ്പിലായി,വാണിയംകുളം,ചേളാരി ചന്തകളില്‍ നിന്നും കാലികളെ വാങ്ങുന്ന മൊത്ത കച്ചവടക്കാരും ലോറികളില്‍ കൊണ്ടുവന്ന് പുഴയില്‍ തള്ളുന്നത് പതിവാണ്. നിളയോരത്തെ കുറ്റിപ്പുറം, നരിപ്പറമ്പ്, തവനൂര്‍,ചെമ്പിക്കല്‍, തിരുന്നാവായ,ബീരാഞ്ചിറ, ചമ്രവട്ടം തുടങ്ങിയ പ്രദേശത്താണ് എന്നിവയെ മേയാന്‍ വിടുന്നത്. ഇതിനിടെ
കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ കന്നുകാലികൾ പ്രാണവായു കിട്ടാതെ കുടുങ്ങി. ഇതേതുടർന്ന് നാട്ടുകാർ റവന്യൂ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് ദുരന്തനിവാരണ സേനയെ വരുത്തിയത്.
സേന അസിസ്റ്റന്റ് കമാഡിംഗ് ഓഫീസർ ടി എം ജിതീഷിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്നും എത്തിയ 45 ഓളം സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്. രക്ഷാ ബോട്ടുകളുമായി സേനാംഗങ്ങൾ പുഴയിൽ കറങ്ങി നടന്നാണ് പോത്തുകൾ ഉൾപ്പെടെയുള്ള മിണ്ടാപ്രാണികളെ രക്ഷപ്പെടുത്തിയത്. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേർന്നു. മൃഗ സംരക്ഷണ വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ ഡോ: ബി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പുഴയുടെ ഇരു കരയിലും നിലയുറപ്പിച്ചിരുന്നു.
ഡെപ്യൂട്ടി കലക്ടർ അബ്ദുൽ റഷീദ്, തിരൂർ തഹസിൽദാർ യൂജിൻ, ഡെപ്യൂട്ടി തഹസിൽദാർ ജലീൽ, തിരുന്നാവായ വില്ലേജ് ഓഫീസർ ഉല്ലാസ്, വില്ലേജ് ഉദ്യോഗസ്ഥരായ എ കെ അഷ്റഫ്, മനോജ്, കുറ്റിപ്പുറം നടുവട്ടം വില്ലേജ് ഓഫീസർ അരുണൻ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യുസംഘം സംഭവ സ്ഥലത്ത് ക്യാംമ്പ് ചെയ്തിരുന്നു.













