ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും, കോണ്‍ഗ്രസ് ആവശ്യം തള്ളി


ന്യൂഡല്‍ഹി: കര്‍ണാടകയിലെ നിര്‍ണായകമായ വിശ്വാസ വോട്ട് പ്രോടേം സ്പീക്കര്‍ ബൊപ്പയ്യയുടെ നിയന്ത്രണത്തില്‍ തന്നെ നടത്തും. ബൊപ്പയയ്യുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ജെഡിഎസും-കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിച്ചില്ല. കെ.ജി ബൊപ്പയ്യക്കെതിരെ ഉത്തരവിടണമെങ്കില്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ച്‌ അഭിപ്രായം തേടേണ്ടി വരും. അങ്ങനെ ചെയ്യണമെങ്കില്‍ വിശ്വാസ വോട്ട് നീട്ടിവെക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. അതോടെ വിശ്വാസ വോട്ടിന്റെ തത്മസയ സംപ്രേക്ഷണം അനുവദിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ജെഡിഎസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.


സര്‍ക്കാര്‍ ഭാഗവും ഇതിനോട് യോജിച്ചതോടെ കോണ്‍ഗ്രസും പിന്‍വാങ്ങി. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് മനു അഭിഷേക് സിങ് വിയും കപില്‍ സിബലും അറിയിച്ചു. വാദത്തിനിടെ 2011 ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇതേ ബൊപ്പയ്യ ഇടപെട്ടത് കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ബൊപ്പയ്യയുടെ നടപടിക്കെതിരെ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളും സിബല്‍ ഉദ്ധരിക്കുകയുണ്ടായി.


കോടതിക്ക് പ്രോടേം സ്പീക്കറെ നിയമിക്കാനാകില്ല. പ്രായമല്ല സഭയിലെ കാലാവധിയാണ് പരിഗണിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. ഹര്‍ജിക്കാരുടെ വാദത്തില്‍ വൈരുധ്യമുണ്ടെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്-ജെഡിഎസ് അഭിഭാഷര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു



Sharing is Caring