ബെവ് ക്യൂ അപ്പിനായി കൊച്ചിയിലെ സ്റ്റാർട് അപ് കമ്പനിയായ ഫെയർകോഡിനെ തെരഞ്ഞെടുത്തത് ചോദ്യം ചെയ്തുളള ഹർജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ഫെയർകോഡിനെ തിരഞ്ഞെടുത്തത് സുതാര്യമല്ലെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹരജിയാണ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്.
ബെവ് ക്യൂ ആപ്പിനെ തിരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗുകളുടെ വീഡിയോ നശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരജിയില്‍ വിശദമായ വാദം 29 ന് കേള്‍ക്കും.

മദ്യവില്പനക്ക് വെര്‍ച്വല്‍ ക്യൂവിനായുള്ള ആപ്പ് നിര്‍മ്മിക്കാന്‍ എറണാകുളത്തെ ഫെയര്‍ കോഡ് എന്ന കമ്പനിക്കാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. ഇതനുസരിച്ച്, സംസ്ഥാനത്തെ ഔട്ട് ലെറ്റുകളുടെയും ബാറുകളുടേയും വിവരം കമ്പനി തേടിയാണ് ആപ്പ് തയാറാക്കിയത്.
മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യവില്പനക്ക് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മദ്യം വാങ്ങാം. ബാര്‍ കൗണ്ടര്‍ വഴി പാഴ്സല്‍ വാങ്ങാനും തീരുമാനമായിരുന്നു. എന്നാല്‍ ആപ്പ് തിരഞ്ഞെടുത്തതില്‍ സുതാര്യതയില്ലെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹരജിക്കാരന് കോടതിയെ അറിയിച്ചിട്ടുള്ളത്.













