ബിനാമി ആസ്തിയുള്ളവരെക്കുറിച്ച് രഹസ്യവിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ പ്രഖ്യാപനം അടുത്തമാസം ഉണ്ടാവുമെന്നാണ് സൂചന.
വിവരം നല്‍കുന്നവര്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപയും കൂടിയത് ഒരു കോടി രൂപയും നല്‍കാനാണ് തീരുമാനമെന്ന് പദ്ധതിയുടെ നിര്‍വാഹക സമിതിയിലെ അംഗമായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിവരം നല്‍കുന്നവരുടെ മേല്‍വിലാസവും വിവരങ്ങളും അതീവരഹസ്യമായിരിക്കും. ഒരു കാരണവശാലും ഇത്തരം വിവരങ്ങള്‍ പുറത്തുവിടില്ല. കൂടുതല്‍ ബിനാമി ആസ്തികള്‍ കണ്ടുകെട്ടുന്നതിനു വേണ്ടിയാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്.
2016 നവംബര്‍ ഒന്നിനാണ് ബിനാമി ട്രാന്‍സാക്ഷന്‍ (പ്രൊഹിബിഷന്‍) അമെന്‍മെന്റ് ആക്ട് നിലവില്‍ വന്നത്. ഇതു വന്നതോടെ ചില ബിനാമികള്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇനിയും ഒരുപാടു പേര്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്‍ കണക്കുകൂട്ടല്‍.












