ബിജെപി ശക്തിപ്പെടുന്നത് നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ലെന്ന് ജന്മഭൂമി


മെഡിക്കല്‍ കോഴ വിവാദത്തില്‍പ്പെട്ട ബിജെപിക്ക് മുന്നറിയിപ്പുമായി പാര്‍ട്ടി മുഖപത്രം ജന്മഭൂമി. ”കുലംകുത്തികളെ കരുതിയിരിക്കണം” എന്ന പേരില്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പാര്‍ട്ടി പത്രത്തിന്റെ മുന്നറിയിപ്പ്. ബിജെപിക്ക് അവമതിപ്പുണ്ടാക്കുന്നവരെ കരുതിയിരിക്കണമെന്നും നേതാക്കളുടെ സൗന്ദര്യം കണ്ടല്ല അണികള്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
അധികാരത്തില്‍ മൂന്ന് വര്‍ഷം പിന്നിടുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഇതുവരെ അഴിമതി ആരോപണങ്ങള്‍ നേരിടാതെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളഘടകം ആ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയെന്ന് റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
കോഴ ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയ വിനോദിന് മുന്‍ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറുമായുള്ള ബന്ധത്തെക്കുറിച്ച്‌ പരിശോധിക്കണം. ഇത്ര നിര്‍ണായകമായ അന്വേഷണറിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ കുലംകുത്തികളെ പാര്‍ട്ടി കരുതിയിരിക്കണമെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.
ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍…..
കേരളത്തില്‍ ബിജെപി ശക്തിപ്പെടുന്നത് നേതാക്കളുടെ സൗന്ദര്യം കൊണ്ടല്ല. മറ്റു പാര്‍ട്ടികളില്‍ നിന്ന് വിഭന്നമായി ബലികൊടുക്കാത്ത ഒരു തത്ത്വസംഹിതയെ മുറുകെപ്പിടിക്കുന്നത് ബിജെപിയാണ് എന്നത് കൊണ്ടാണ് ഈ പാര്‍ട്ടിയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത്.
പ്രതിയോഗികളുടെ അടിയും അവഹേളനവും സഹിച്ചും വിയര്‍പ്പും രക്തവും ജീവനും നല്‍കിയും പ്രവര്‍ത്തിക്കുന്ന അണികളാണ് ബിജെപിയുടേത്. അവരില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. പാര്‍ട്ടിയെ സ്നേഹിക്കുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തവരെ ഓര്‍ത്താണ് ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഒരു അന്വേഷണകമ്മീഷനെ നിജസ്ഥിതി അറിയാന്‍ നിയോഗിച്ചത്.
ആ അന്വേഷണറിപ്പോര്‍ട്ടാണ് പ്രതിയോഗികള്‍ക്ക് ചോര്‍ന്നു കിട്ടിയത്. അതോടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയത്തിനും പ്രധാനമന്ത്രിയുടേയും സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നല്ലപേരിനും കളങ്കമേറ്റത്. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തണം. ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതിക്കൊടുക്കണമെന്ന് പറയുന്നില്ല പക്ഷേ കരുതിയിരുന്നേ പറ്റൂ.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അട്ടിമറിക്കപ്പെടുമെന്നും ഹവാല ഇടപാടുകളടക്കം ആരോപിക്കപ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃയോഗം ഇന്ന് ചേരാനിരിക്കെയാണ് പാര്‍ട്ടി മുഖപത്രത്തിന്റെ വിമര്‍ശനം.




Sharing is Caring