ഇന്ത്യന്‍ ഭരണഘടന ബിജെപിയില്‍നിന്ന് വലിയ ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. കോണ്‍ഗ്രസിന്റെ 133-ാമത് സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം അപകടകരമാണ്. ഭരണഘടനയ്ക്കെതിരായി പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കളുടേത് നേരിട്ടുള്ള ആക്രമണമാണ്. അതേസമയംതന്നെ, പിന്നിലൂടെ പരോക്ഷമായ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണഘടനയില്‍ ഭേദഗതി വരുത്തുമെന്നും മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍നിന്ന് നീക്കംചെയ്യുമെന്നുമായിരുന്നു ഹഗ്ഡെയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വംനല്കുന്ന പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഹെഗ്ഡെയെ മന്ത്രിസഭയില്‍നിന്ന് നീക്കംചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണെന്നും രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നുമായിരുന്നു അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവന. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ലിംഗായത്താണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്. എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.













