ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. മാനവവിഭവശേഷി വകുപ്പിന്റെ സഹമന്ത്രിയായ പാര്‍ട്ടി അധ്യക്ഷനാണ് ഉപേന്ദ്ര കുശ്വാഹ. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ച് നടന്ന തര്‍ക്കത്തിനൊടുവിലാണ് രാജി. ഇന്ന് നടക്കുന്ന എന്‍.ഡി.എയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ലോക്സമതാ പാര്‍ട്ടി (ആര്.എല്‍.എസ്.പി) നേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചു. അതേസമയം വൈകിട്ട് നടക്കുന്ന വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന.
പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ആര്.എല്‍.എസ്.പിയുടെ നീക്കം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്.എല്‍.എസ്.പി മൂന്ന് സീറ്റുകളിലാണ് ബിഹാറില്‍ വിജയിച്ചത്. നിതീഷ് കുമാറിന്റെ ജെഡിയു എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ എന്ന ബി.ജെ.പിയുടെ തീരുമാനമാണ് ആര്.എല്‍.എസ്.പിയെ ചൊടിപ്പിച്ചത്.

ജെഡിയു വിട്ട ശരത് യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കാനും നീക്കങ്ങള്‍ ഉണ്ടെന്നാണ് ആര്‍എല്‍എസ്പി നേതൃത്വം നല്കുന്ന സൂചനകള്‍. ഇതിലൂടെ വിശാല പ്രതിപക്ഷ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.













