ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ഥിയുമായ സ്വാധി പ്രജ്ഞാ സിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇത്തവണ ബാബറി മസ്ജിദ് പരാമര്‍ശത്തിനെതിരെയാണ് അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് ഖേദമില്ലെന്നും അതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പ്രസ്താവന. ആജ് തക്ക് ചാനലില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് പ്രജ്ഞാ സിംഗ് ഇക്കാര്യം പറഞ്ഞത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ എന്തിന് നാം പശ്ചാത്തപിക്കണം? വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തില്‍ ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളത് നീക്കം ചെയ്തു. ശ്രേഷ്ഠമായ ഒരു രാമക്ഷേത്രം അവിടെ പടുത്തുയര്‍ത്തും. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തുമെന്നും അഭിമുഖത്തില്‍ പ്രജ്ഞാ സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ ആത്മാഭിമാനത്തിനായി ഹിന്ദുക്കള്‍ ഉണര്ന്നതാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ രാജ്യത്തല്ലാതെ വേറെ എവിടെയാണ് രാമക്ഷേത്രം നിര്‍മിക്കുക പ്രജ്ഞാ സിംഗ് ചോദിച്ചു.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്ക്കറെയ്ക്കെതിരേയും നേരത്തെ പ്രജ്ഞാ സിംഗ് വാളെടുത്തിരുന്നു. കര്‍ക്ക റയെ താന്‍ ശപിച്ചുകൊന്നതാണെന്നാണ് പ്രജ്ഞാ സിംഗ് പറഞ്ഞത്. മാലേഗാവ് സ്ഫോടനക്കേസില്‍ പ്രജ്ഞാ സിംഗിനെതിരെ കേസെടുത്തത് കര്‍ക്കറെയായിരുന്നു. കര്‍ക്കറെയ്ക്കെതിരായ വിവാദപരാമര്ശനത്തിനു അവര്‍ മാപ്പ് പറഞ്ഞിരുന്നു.












