ബാര്‍ കോഴക്കേസ് ; വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍


തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍. വിജിലന്‍സിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.


രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സിന് വേണ്ടി താനാണ് ഹാജരാവുന്നത് പറഞ്ഞ് സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശന്‍ എഴുന്നേറ്റു. മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടിനെതിരെ പരസ്യ നിലപാടെടുത്ത സതീശന്‍ ഹാജരാവുന്നതിനെ വിജിലന്‍സിന്റെ തന്നെ നിയമോപദേശകന്‍ വി.വി.അഗസ്റ്റിന്‍ എതിര്‍ത്തു. കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതിയില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായത്.


തുടര്‍ന്ന് മജിസ്ട്രേട്ട് വിഷയത്തില്‍ ഇടപെട്ടു. സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാവണമെന്ന് പറയാന്‍ പ്രതിക്ക് കഴിയുമോയെന്നും മാണിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. തുടര്‍ന്ന്,​ അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കേസ് ജൂണ്‍ 6ന് പരിഗണിക്കാനായി മാറ്റി.



Sharing is Caring