കൊച്ചി: ലോക്കറുകളില്‍ നിന്നും കണ്ടെടുത്ത ഇരുന്നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിന്റെ തെളിവ് ഹാജരാക്കാന്‍ മുന്‍ മന്ത്രി കെ.ബാബുവിനായില്ല. ഇതേത്തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്കി.
നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായെങ്കിലും സ്വര്‍ണം വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കാന്‍ ബാബുവിനോ ബന്ധുക്കള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.ബാബുവിന്റെയും മക്കളുടെയും ബാങ്ക് ലോക്കറുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്.

എന്നാല്‍ സ്വര്‍ണം നല്‍കിയത് പെണ്മക്കളുടെ ഭര്ത്തൃവീട്ടുകാരെന്നാണ് ബാബു നല്കിയ മൊഴി. മൂത്ത മകള്‍ ആതിരയ്ക്ക് 32 പവനും ഇളയ മകള്‍ക്ക് 100 പവനും കല്യാണ സമയത്ത് നല്‍കിയെന്നാണ് ബാബു പറഞ്ഞത്. ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്മക്കളുടെ ഭര്‍തൃ വീട്ടുകാരെ വിജിലന്‍സ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണം നല്‍കിയെന്ന് സമ്മതിച്ച ബന്ധുക്കള്‍ക്ക് ഇതിന്റെ തെളിവ് ഹാജാരാക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്‍കുകയായിരുന്നു.
അതിനിടെ ബാബു തേനിയില്‍ ബിനാമി പേരില്‍ വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷന് രേഖകള്‍ തമിഴ്നാട് രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന് കൈമാറി. 70 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയിരിക്കുന്നത്.













