ബഹിരാകാശത്ത് എത്തിച്ച ടെസ്ല കാര്‍ തകര്‍ന്നുവീഴാന്‍ സാധ്യത


വാഷിങ്ടണ്‍: അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സ്, ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്തെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.അടുത്ത പത്തുലക്ഷം വര്‍ഷത്തിനിടെ എപ്പോഴെങ്കിലും കാര്‍ ഭൂമിയിലോ ശുക്രനിലോ പതിക്കാനിടയുണ്ടെന്നാണ് ഓര്‍ബിറ്റല്‍ ഡൈനാമിക്സ് വിദഗ്ധരായ ഹാനോ റെയിന്‍, ഡാനിയേല്‍ ടമായോ. ഡേവിഡ് വി. എന്നിവര്‍ ഉള്‍പ്പെട്ട ശാസ്ത്രസംഘത്തിന്റെ നിഗമനം.എന്നാല്‍ കാര്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആറു ശതമാനവും ശുക്രനില്‍ പതിക്കാനുള്ള സാധ്യത 2.5 ശതമാനവുമാണെന്നാണ് ശാസ്ത്രസംഘത്തിന്റെ നിഗമനം. മാത്രവുമല്ല ഇരുഗ്രഹങ്ങളുടെയും ഉപരിതലത്തില്‍ എത്തുന്നതിനു മുന്നേ കാര്‍ കത്തിപ്പോകാനും സാധ്യതയുണ്ട്.


റോയല്‍ അസ്ട്രോണമിക് സൊസൈറ്റിയുടെ പ്രതിമാസ നോട്ടീസില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നേ പ്രീ പ്രിന്റ് സൈറ്റ് ആയ arXiv യിലാണ് ഇവരുടെ നിഗമനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി ഫെബ്രുവരി ആറിനാണ് സ്പേസ് എക്സ് ബഹിരാകാശത്ത് എത്തിച്ചത്. സ്പേസ് എക്സ് സ്ഥാപകന്‍ എലന്‍ മസ്കിന്റെ ഇലക്‌ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററിനെയും വഹിച്ചായിരുന്നു റോക്കറ്റ് കുതിച്ചുയര്‍ന്നത്. എന്നാല്‍ ബഹിരാകാശത്ത് എത്തിയ കാര്‍ അതിന്റെ നിയന്ത്രണ രേഖയില്‍നിന്ന് വഴിമാറിപ്പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്




Sharing is Caring