ന്യൂഡല്‍ഹി: പാകിസ്ഥാന് എപ്പോഴെങ്കിലും നല്ല അയല്‍ക്കാരാകാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ എംപി. തുടര്‍ച്ചയായ വഞ്ചനകള്‍ക്ക് ശേഷം പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ആദ്യപടി സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇനി ആഗ്രഹമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ബന്ധം മെച്ചപ്പെടുത്തണമെന്നുണ്ടെങ്കില്‍, ഇസ്ലാമാബാദ് സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖലകളെ ഇല്ലാതാക്കി ആത്മാര്‍ത്ഥത പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ അംബാസഡര്‍ സുരേന്ദ്ര കുമാര്‍ എഡിറ്റ് ചെയ്ത ‘Whither India-Pakistan Relations Today?’ എന്ന പുസ്തക സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. 1950ല്‍ ജവഹര്‍ലാല്‍ നെഹ്റു ഒപ്പുവെച്ച ലിയാഖത്ത് അലി ഖാനുമായുള്ള കരാര്‍ മുതല്‍ 1999-ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ ലാഹോറിലേക്കുള്ള ബസ് യാത്ര, 2015-ല്‍ നരേന്ദ്ര മോദിയുടെ ലാഹോര്‍ സന്ദര്‍ശനം വരെയുള്ള എല്ലാ ഇന്ത്യന്‍ ശ്രമങ്ങളും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ശത്രുതയാല്‍ ‘ഒറ്റിക്കൊടുക്കപ്പെട്ടു’ എന്ന് തരൂര്‍ പറഞ്ഞു.

പാകിസ്ഥാന് പെരുമാറ്റത്തിന്റെ ചരിത്രം കണക്കിലെടുക്കുമ്പോള്‍, ബന്ധം മെച്ചപ്പെടുത്താന്‍ ഇനി ഉത്തരവാദിത്തം അവരുടെ മേലാണ്. സ്വന്തം മണ്ണിലെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കുന്നതില്‍ ആത്മാര്‍ത്ഥതയോടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് പാകിസ്ഥാനാണ്. ഈ ഭീകര ക്യാമ്പുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ച് പാകിസ്ഥാന് ഗൗരവമായി ചിന്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? അവര്‍ എവിടെയാണെന്ന് എല്ലാവര്ക്കും അറിയാം. പാകിസ്ഥാനിലെ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥലങ്ങളുടെയും അടക്കം 52 പേരുകളടങ്ങിയ പട്ടിക യുഎന്‍ കമ്മിറ്റിയുടെ പക്കലുണ്ട്. അവ നിലനില്‍ക്കുന്നുണ്ട് എന്നത് പാകിസ്ഥാന് അറിയാത്തതല്ലെന്നും ശശി തരൂര്‍ പറഞ്ഞു.













