ഫേസ്ബുക്കില്‍ പൊലീസിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്


ഫേസ്ബുക്കില്‍ പൊലീസിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ സ്വമേധയാ കേസെടുത്തു. കെ എസ് ജയഘോഷിനെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഈ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ പൊതു ജനത്തേയും ഞങ്ങള്‍ ക്ഷണിക്കുകയാണെന്നുമാണ് കെ എസ് ജയഘോഷ് ഫേസ്ബുക്കില്‍ കുറിച്ചത്.ഫേസ്ബുക്കില്‍ പൊലീസുകാരുടെ ചിത്രം കൊടുത്ത് മാര്‍ക്ക് ചെയ്ത ശേഷം ചിത്രത്തില്‍ ഉള്ള നരഭോജികളെ അറിയുമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോയെന്ന പോസ്റ്റാണ് കേസിനാധാരം.


കെ എസ് ജയഘോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആര്‍.എസ്.എസ്സുകാര്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ? പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ പി.ടി.അജ്മല്‍ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനില്‍ കൊടുത്തു കഴിഞ്ഞു. ഈ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ പൊതു ജനത്തേയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള നരഭോജികളെ അറിയുമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ?



Sharing is Caring