ഫാ. ഉഴുന്നാലിലിനെ മോചിപ്പിച്ചു


ഒമാന്‍ സര്‍ക്കാര്‍ പുറത്ത് വിട്ട ഫാ. ടോം ഉഴുന്നാലിന്‍റെ പുതിയ ചിത്രം


അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുമൊടുവില്‍ മലയാളി പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരരില്‍ നിന്നു മോചിപ്പിച്ചു. ഒന്നര വര്‍ഷം മുമ്പാണ് യെമനില്‍ ഐഎസ് ഭീകരര്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന് ഒമാന്‍, സൗദി സര്‍ക്കാരുകള്‍ ഐഎസുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു മോചനം.


പാലാ രാമപുരം സ്വദേശിയും കത്തോലിക്കാ പുരോഹിതനുമായ ഫാ. ടോമിനെ മോചിപ്പിക്കാന്‍ വഴി തുറന്നത് കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടലാണ്. ഇന്നലെ പുലര്‍ച്ചെ മോചിതനായ അദ്ദേഹത്തെ ഉച്ചയോടെ മസ്‌ക്കറ്റില്‍ എത്തിച്ചു. അവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വത്തിക്കാനിലേക്ക് പോകുമെന്നും അതല്ല കേരളത്തിലേക്ക് തിരിക്കുമെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, രാത്രി വൈകി ഫാ. ടോം റോമിലെത്തിയതായി സ്ഥീരീകരണം. അദ്ദേഹത്തിന്റെ പുതിയ ചിത്രവും പുറത്തുവിട്ടു. ഫാ. ടോം മോചിതനായ കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ഫാദര്‍ മോചിതനായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് സുഷമ ട്വീറ്റ് ചെയ്തു.

2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനില്‍ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തില്‍ നിന്ന് ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. അനാഥാലയം ആക്രമിച്ച ഐഎസ് ഭീകരര്‍ ഇന്ത്യാക്കാരായ നാലു കന്യാസ്ത്രീകള്‍ അടക്കം 16 പേരെ വെടിവച്ചുകൊന്ന്, ഫാ. ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

യെമനില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കോ സുരക്ഷിത സ്ഥലത്തേക്കോ മാറാന്‍ കേന്ദ്രം ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, അതുവകവയ്ക്കാതെ ഇവര്‍ യെമനില്‍ തുടര്‍ന്നു. പലകുറി കേന്ദ്രം മോചന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പക്ഷേ, ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ കേന്ദ്രം ശ്രമം തുടരുകയായിരുന്നു. ഒടുവില്‍ അത് വിജയിച്ചു. ഒമാനിലെ മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

കൊടിയ പീഡനങ്ങള്‍ സഹിച്ച് ഫാ. ടോമിന്റെ ആരോഗ്യം തീരെ വഷളായിരുന്നു. അവസ്ഥ അതിദയനീയമെന്നും എങ്ങനെയെങ്കിലും മോചിപ്പിക്കണമെന്നും അഭ്യര്‍ഥിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പലകുറി പ്രത്യക്ഷപ്പെട്ടു. അവയിലെ ശബ്ദം ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും വീഡിയോ യഥാര്‍ഥമാണോയെന്ന് വ്യക്തമായിരുന്നില്ല. അതിനിടെ, അദ്ദേഹത്തെ ഭീകരര്‍ വധിച്ചതായുള്ള റിപ്പോര്‍ട്ടുകളും ചില ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും വന്നു.

എന്നാല്‍, ഫാ. ടോം സുരക്ഷിതനെന്നും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നുമാണ് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നത്. മോചനത്തിന് സഭയും മാര്‍പ്പാപ്പയും അല്‍പ്പം പോലും താത്പര്യം കാണിക്കുന്നില്ലെന്നും ഫാ. ടോം ഒരു വീഡിയോയില്‍ ആരോപിച്ചിരുന്നു.

താന്‍ യൂറോപ്പില്‍ നിന്നുള്ളവനായിരുന്നെങ്കില്‍ വത്തിക്കാന്‍ ഇടപെടുമായിരുന്നുവെന്നും ഫാ. ടോം അന്ന് പറഞ്ഞു. അവസാനം ദൈവം ഞങ്ങളുടെ പ്രാര്‍ഥന കേട്ടു. ടോമിന്റെ മൂത്ത സഹോദരന്‍ മാത്യു പറഞ്ഞു. ടോമിന്റെ കുടുംബം കേന്ദ്ര സര്‍ക്കാരിനും ഒമാന്‍ സര്‍ക്കാരിനും നന്ദി അറിയിച്ചു.



Sharing is Caring