രാജ്യത്തെ പ്രതീക്ഷകളും വെല്ലുവിളികളും പങ്കുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം. ജനാധിപത്യം കൂടുതല്‍ ശക്തമായിരിക്കുന്നു. തുല്യത, മതേതരത്വം, സൌഹൃദം എന്നിവയാണ് രാജ്യത്തിന്റെ അടിത്തറ. പൌരന്‍മാരാണ് ജനാധിപത്യത്തിന്റെ തൂണുകള്‍. എല്ലാ പൌരന്‍മാര്‍ക്കും തുല്യത അനുഭവിക്കാനാകണമെന്നും നല്ല ഇന്ത്യക്കായി പോരാടണമെന്നും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തെ പൗരന്മാരില്‍ 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. അവരിലാണു നമ്മുടെ പ്രതീക്ഷകള്‍. സാക്ഷരത വ്യാപിപ്പിക്കുന്നതില്‍ പുരോഗതി നേടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇനി നമ്മുടെ ശ്രമം വിദ്യാഭ്യാസ സമ്ബ്രദായം പരിഷ്കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണം. അതോടൊപ്പം തന്നെ ഡിജിറ്റല്‍ സമ്ബദ് വ്യവസ്ഥ, ജനിതക ഘടനാശാസ്ത്രം, റോബട്ടിക്സ്, ഓട്ടമേഷന്‍ തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കത്തക്കവിധം പ്രസക്തമാക്കി മാറ്റുകയും വേണം.

വിദ്യാഭ്യാസ സമ്ബ്രദായം കേവലം മനഃപാഠമാക്കലും അതു പുനരവതരിപ്പിക്കലും മാത്രമാകരുത്. നമ്മുടെ കുട്ടികളില്‍ ചിന്താശക്തിയും നൈപുണ്യവും വളര്‍ത്തുന്നതായിരിക്കണം. എന്നാല്‍, പോഷകാഹാരക്കുറവ്, ഓരോ കുട്ടിയുടെയും ഭക്ഷണത്തില്‍ ശരിയായ അളവില്‍ സൂക്ഷ്മ പോഷകങ്ങള്‍ ലഭ്യമാക്കല്‍ എന്നീ വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്. ഇതു കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തില്‍ പ്രധാനമാണ്. നമ്മുടെ രാഷ്ട്രത്തിന്‍റെ ഭാവിയെ സംബന്ധിച്ചും ഇതു പ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.













