ന്യൂഡല്‍ഹി: ക്ഷുഭിത യൗവനത്തിന്റെയും ആക്ഷന്‍ സിനിമകളുടെയും കാലമായിരുന്ന എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കി കാണികളുടെ മനം കവര്‍ന്ന വിഖ്യാത സംവിധായകന്‍ ബസു ചാറ്റര്‍ജി (90) അന്തരിച്ചു. രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയതായിരുന്നു.
സിനിമയ്ക്ക് പുതിയൊരു മുഖമാണ് ചാറ്റര്‍ജി നല്‍കിയത്. അന്നുവരെ കണ്ട് വന്നിരുന്ന സിനിമയില്‍ നിന്ന് വേറിട്ടൊരു ചുവടു വയ്പായിരുന്നു അത്. അതാകട്ടെ പ്രേക്ഷകരുടെ മുഴുവന്‍ പ്രശംസ പിടിച്ചു പറ്റി. റിയലിസ്റ്റിക് സിനിമകളുടെ പിറവി അവിടെ തുടങ്ങുകയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ എന്നും സിനിമയുടെ വിസ്മയമായ ഹിന്ദിയിലും ബംഗാളിലുമാണ് അദ്ദേഹം സിനിമകളെടുത്തിരുന്നത്.














