തിരുവനന്തപുരം: പ്രളയക്കെടുതിയെക്കുറിച്ചും ഡാമുകള്‍ തുറന്നു വിട്ടതു കൊണ്ടുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായ പഠനം നടത്താന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്). ഇതിനായി 10 പേരടങ്ങുന്ന സംഘത്തെ ഉടന്‍ നിയമിക്കും. സംഘം കേരളത്തിലുടനീളം സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും. ആറ് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.
കനത്ത മഴയും ഡാമില്‍നിന്ന് അപ്രതീക്ഷിതമായി എത്തിയ വലിയ അളവിലുള്ള വെള്ളവുമാണ് പ്രളയത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. മുന്‍പ് മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് സെന്റര്‍ പഠനം നടത്തിയിരുന്നു. ഈ വിവരങ്ങള്‍ക്കൊപ്പം ഡാമുകളിലെ വെള്ളത്തിന്റെ അളവു കൂടി പരിഗണിച്ചാണ് പഠനം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ആര്‍ജിഐഡിഎസ് ഡയറക്ടര്‍ അറിയിച്ചു.

പ്രളയദുരന്തത്തെക്കുറിച്ചു രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡലപ്മെന്റ് സ്റ്റഡീസും (ആര്‍ജിഐഡിഎസ്) ശാസ്ത്രീയ പഠനം നടത്തും. മൈക്കിള്‍ വേദശിരോമണിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കു രൂപം നല്‍കിയതായി ആര്‍ജിഐഡിഎസ് ഡയറക്ടര്‍ ബി.എസ്.ഷിജു അറിയിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ ഉമ്മന്‍ വി.ഉമ്മന്‍, ദേശീയ ഭൂമിശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മത്തായി, കെഎസ്ഇബി മുന്‍ ഡയറക്ടര്‍ മുഹമ്മദ് അലി റാവുത്തര്‍, ജലസേചന വകുപ്പിലെ മുന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തോമസ് വര്‍ഗീസ് എന്നിവരാണ് അംഗങ്ങള്‍. ഒരാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും ഒരു മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ടും സമര്‍പ്പിക്കും.













