പ്രധാനമന്ത്രിക്ക് വധഭീഷണി; എന്‍സിപി- ബിജെപി പോര് രൂക്ഷം


മുംബൈ: പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്തയെച്ചൊല്ലി എന്‍സിപി- ബിജെപി വാക്‌പോര്. ജനങ്ങളുടെ സഹതാപം നേടാനുള്ള തന്ത്രമാണ് വാര്‍ത്തക്ക് പിന്നിലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആരോപിച്ചു.’ജനങ്ങളുടെ പിന്തുണ കുറയുന്നുവെന്ന് ബിജെപി തിരിച്ചറിഞ്ഞു. ഇപ്പോഴിതാ സഹതാപം നേടിയെടുക്കാന്‍ വധഭീഷണിയെന്ന വ്യാജ വാര്‍ത്ത ഇറക്കിയിരിക്കുന്നു. ജനങ്ങള്‍ ഇത്തരം തന്ത്രങ്ങളില്‍ വീഴില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.’ – ശരദ് പവാര്‍ പറഞ്ഞു. എന്‍സിപിയുടെ 19-ാം വാര്‍ഷികത്തില്‍ പുനെയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.


ഇതിന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തുവന്നു. ശരദ് പവാര്‍ ഇത്രയ്ക്ക് തരംതാഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. പ്രധാനമന്ത്രിയെ വകവരുത്താനുള്ള ഗൂഢാലോചനയുടെ വിവരങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഫഡ്‌നാവിസ് വിമര്‍ശിച്ചു.നരേന്ദ്രമോദി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രം നേതാവല്ല രാജ്യത്തിന്റെ നേതാവാണ്. രാജ്യത്തിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് വേണ്ടത് വിദ്വേഷത്തിന്റേതല്ല’ – അദ്ദേഹം പവാറിനെ വിമര്‍ശിച്ച്‌ ട്വിറ്റില്‍ കുറിച്ചു.




Sharing is Caring