കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി രൂപീകരിച്ച വനിതാ പോലീസ് ബറ്റാലിയന് യാഥാര്‍ഥ്യത്തിലേക്ക്. പ്രഥമ വനിതാ ബറ്റാലിയന് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് 31ന് രാവിലെ 7.30 ന് കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിക്കും. പരേഡിന് ശേഷം വനിതാ കമാന്‍ഡോകളുടെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഡെമോണ്‍സ്ട്രേഷനും നടക്കും.
2017ലാണ് വനിതാ പോലീസ് ബറ്റാലിയന് തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് 10 ഏക്കര്‍ സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് ഇവിടെ വനിതാ ബറ്റാലിയന്റെ ഓഫീസും ആരംഭിച്ചു. ബറ്റാലിയനായുള്ള മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. ആര്. നിശാന്തിനിയാണ് വനിതാ ബറ്റാലിയന് കമാന്‍ഡന്റ്.

ആകെ 578 റിക്രൂട്ട് വനിതാ പോലീസ് സേനാംഗങ്ങളാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവരില്‍ 44 പേര് കമാന്‍ഡോ പരിശീലനം നേടിയിട്ടുണ്ട്. ആദ്യമായി സംസ്ഥാനത്ത് ഒരു വനിതാ കമാന്‍ഡോ വിങ്ങും ഇതോടൊപ്പം ആരംഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞു.
അടിസ്ഥാന നിയമങ്ങള്‍ക്കും, വിവിധ സ്പെഷ്യല്‍ നിയമങ്ങള്‍ക്കും പുറമേ കളരി, യോഗ, കരാട്ടേ, നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍, സോഫ്റ്റ് സ്കില്ലുകള്‍, ഫയറിങ്, ആയുധങ്ങള്‍, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളി പരിശീലനം നല്‍കിയിട്ടുണ്ട്.
സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നയം. അതിന്റെ ഭാഗമായി കൂടുതല്‍ വനിതാപോലീസ് സേനാംഗങ്ങളെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റിക്രൂട്ട് ചെയ്യാനും നടപടികള്‍ പുരോഗമിക്കുകയാണ്.













