സോനിപത്: കുടുംബത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി പ്രണയിച്ച് വിവാഹം കഴിച്ച ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച് കൊന്നു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ലാത് ഗ്രാമത്തിലെ ഭര്‍തൃവീട്ടില്‍ വച്ചാണ് സംഭവം. നികോ എന്ന യുവതിയാണ് സഹോദരന്‍ വിക്രം(35) ന്റെ വെടിയേറ്റ് മരിച്ചത്. വിക്രമിന്റെ ഭാര്യയുടെ ബന്ധുവായ ദീപക്കിനെയാണ് നികോ വിവാഹം കഴിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടതായി ഗോഹ്ന പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സേതി മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തിയ വിക്രം ഉറങ്ങിക്കിടന്ന യുവതിയുടെ നേരെ വെടിയുതിര്‍ത്തിയത്. സൈക്കിള്‍ മെക്കാനിക്കാണ് വിക്രം.

2016 ല്‍ സിര്‍സയില്‍ പെണ്‍കുട്ടിയെയും കാമുകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാപിതാക്കളും സഹോദരനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ദിവസങ്ങള്‍ക്കുളളിലാണ് ലാത് ഗ്രാമത്തില്‍ വീണ്ടും ദുരഭിമാനകൊല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.













