വെ​ന​സ്വേ​ല​യി​ല്‍ ജ​യി​ലി​ല്‍ തീപിടുത്തം 68 തടവുകാര്‍ കൊല്ലപ്പെട്ടു


വലെന്‍ഷ്യ: വെനസ്വേലയിലെ വലെന്‍ഷ്യയില്‍ ഒരു പോലീസ് സ്‌റ്റേഷനിലെ സെല്ലുകളിലുണ്ടായ സംഘര്‍ഷത്തിലും തീപിടുത്തതിലും 68 തടവുകാര്‍ വെന്തുമരിച്ചു. ബുധനാഴ്ച ജയില്‍ ചാടുന്നതിനായി ചില തടവുപുള്ളികള്‍ സെല്ലുകളിലെ കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിന് കാരണമെന്ന് കരുതുന്നു. തീപിടുത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് പ്രൊസിക്യൂട്ടര്‍ തരെക് സാബ് പറഞ്ഞു. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടക്കുമെന്ന് പ്രസിഡന്റ് നികോളസ് മദുരോയും അറിയിച്ചു.


പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് കൂടുതല്‍ പേരും മരിച്ചിരിക്കുന്നത്. തീപിടുത്തത്തിന്റെ വാര്‍ത്ത അറിഞ്ഞ് സ്‌റ്റേഷനു പുറത്ത് തടവുകാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിന് ഇടയാക്കി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.


തീപിടുത്തത്തിനിടെ ഒരു പോലീസുകാരന് വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാരബോബോ സംസ്ഥാനത്ത് ദുഃഖാചരണം നടത്തുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും മോശം സാഹചര്യമുള്ള ജയിലുകളുള്ള രാജ്യങ്ങളില്‍ ഒന്നാണ് വെനസ്വേല. മുന്‍പും പല തവണ ജയിലുകളില്‍ സംഘര്‍ഷങ്ങളും കലാപങ്ങളും നടന്നിട്ടുണ്ട്. തടവുകാരെ കുത്തിനിറച്ച്‌ പാര്‍പ്പിക്കുന്നതും മനുഷ്യത്വരഹിതമായ അവസ്ഥകളുമാണ് മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജയിലുകളിലുമുള്ളത്.



Sharing is Caring