പൂവാറില്‍ പെട്രോള്‍ പകരുന്നതിനിടെ തീപിടിച്ച്‌ വൃദ്ധന്‍ മരിച്ചു


തിരുവനന്തപുരം: മരുമകന് മത്സ്യ ബന്ധനത്തിന് പോകാനായി കന്നാസില്‍ നിന്ന് പെട്രോള്‍ പകരുന്നതിനിടെ തീ പിടിച്ച്‌ വൃദ്ധന്‍ മരിച്ചു. പൂവാര്‍ പള്ളം പുരയിടത്തില്‍ പൗലോസാണ് (70) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൗലോസ് മകള്‍ സീനയ്ക്കൊപ്പമാണ് താമസം. സീനയുടെ ഭര്‍ത്താവ് അഡോള്‍ഫ് മത്സ്യത്തൊഴിലാളിയാണ്. ഇവരുടെ വീടിനോട് ചേര്‍ന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നിടത്താണ് പൗലോസ് പതിവായി ഉറങ്ങാന്‍ കിടക്കുന്നത്.


എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന അഡോള്‍ഫിന് കൊണ്ടുപോകാനായി വലിയ കന്നാസില്‍ നിന്ന് ചെറിയ കന്നാസിലേക്ക് പെട്രോള്‍ പകര്‍ന്നു നല്‍കുന്നത് പൗലോസാണ്. ഇന്നലെയും പതിവുപോലെ പെട്രോള്‍ പകരുന്നതിനിടെ എങ്ങനെയോ തീപടര്‍ന്ന് പൗലോസിന് പൊള്ളലേറ്റു.


നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും കന്നാസില്‍ നിന്ന് തീ പരിസരമാകെ വ്യാപിച്ചതിനാല്‍ അടുത്തേക്ക് ചെല്ലാന്‍ കഴിഞ്ഞില്ല. അയല്‍ക്കാരുടെ സഹായത്തോടെ തീ കെടുത്തിയശേഷം പൗലോസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സെല്‍വ ദാസി. മക്കള്‍: ബീന, ജോഹിന്‍, മൈക്കിള്‍, ബീന, റീന, ലീന.



Sharing is Caring