തൃശൂര്‍: വര്‍ണങ്ങള്‍ക്കും നാദങ്ങള്‍ക്കും പൂരക്കാറ്റു പിടിച്ചു കഴിഞ്ഞു. ആനച്ചന്തവും വാദ്യമേളങ്ങളും തേക്കിന്‍കാട്ടിലേക്ക് മന്ദമാരുതനെപ്പോലെ പലയിടത്തുനിന്നായി വീശിയെത്തിത്തുടങ്ങി. ഇനി ഇന്നും നാളെയും കഴിഞ്ഞ് മറ്റന്നാള്‍ ഉച്ചതിരിയും വരെ തേക്കിന്‍കാട്ടിലും ഈ നഗരത്തിലും ഈ പൂരക്കാറ്റ് വീശിയടിച്ചുകൊണ്ടേയിരിക്കും. ഈ കാറ്റേല്ക്കാന്, പൂരക്കാറ്റിലലിയാന് നഗരഗ്രാമാന്തരങ്ങള്‍ താണ്ടി, ഏഴുകടല്‍ കടന്ന്, നാടും നഗരവും ചുറ്റി ജനലക്ഷങ്ങള്‍ ശിവപുരിയിലേക്കെത്തിക്കഴിഞ്ഞു. ഇനി പൂരക്കാറ്റ് മാത്രം. വര്‍ണങ്ങള്‍ ചാലിച്ച്, നാദങ്ങള്‍ ലയിപ്പിച്ച്, ആനച്ചൂടും ആനച്ചൂരും ഒന്നിച്ച കരിവീരച്ചന്തം പടര്‍ന്ന, പൂരാവേശം മാത്രം നിറഞ്ഞ പൂരക്കാറ്റ്. അതിങ്ങനെ വീശിക്കൊണ്ടിരിക്കുകയാണ്… തിരുവന്പാടിയില്‍, പാറമേക്കാവില്‍, എട്ടു ഘടകപൂരങ്ങളില്‍.. തലയുയര്‍ത്തി നില്ക്കുന്ന പന്തല്‍ ഗോപുരമേടകളില്…
തൃശൂര്‍ക്കാരുടെ ഒരു കാത്തിരിപ്പുകൂടി ബുധനാഴ്ച കുട ചൂടുകയാണ്. നാളെയാണ് തൃശൂര്‍ പൂരം. പൂരങ്ങളുടെ പൂരമെന്ന് പുകഴ്പെറ്റ തൃശൂര്‍ പൂരം. എത്ര വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ചാലും അധികമാകാത്ത പൂരം. കണ്‍നിറയെ കാണാനും കാതുനിറയെ കേള്‍ക്കാനും മനം നിറയെ സൂക്ഷിച്ചെടുത്തു വയ്ക്കാനും ഇനി പൂരവിശേഷങ്ങള്‍ മാത്രം.

പൂരത്തിന്റെ എല്ലാ ഒരുക്കങ്ങളും എല്ലായിടത്തും പൂര്‍ത്തിയായിക്കഴിഞ്ഞു. തിങ്കളാഴ്ച സാന്പിള്‍ വെടിക്കെട്ട് കണ്ട ആവേശത്തില്‍ ഇന്നു പൂരപ്രേമികള്‍ ചമയപ്രദര്‍ശനം കണ്ട് നഗരംചുറ്റി മൂന്നു പന്തലുകള്‍ കണ്ട് പന്തലുകള്‍ക്കു മാര്‍ക്കിട്ട് കാഴ്ചകള്‍ നിറയുന്ന തേക്കിന്‍കാട് മൈതാനത്തലയും. ഇരുട്ടി വെളുത്താല്‍ പിന്നെ പൂരക്കാഴ്ചകള്കൊണ്ട് നാടും നഗരവും തേക്കിന്‍കാടും നിറയും..
നാളെ രാവിലെ വെയില് എത്തും മുന്‍പ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും. തിരുവന്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടര്‍ന്ന് മഠത്തില്‍നിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടര്‍ന്നുളള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും കാണാന്‍ പൂരനഗരിയിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തും.
പിറ്റേന്ന് പുലര്‍ച്ചയ്ക്ക് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയും വരെ നഗരത്തില്‍ പൂരം നിറഞ്ഞുപെയ്യും. കാത്തിരിപ്പിന്റെ ക്ലൈമാക്സിനൊടുവില്‍ പൂരമെത്തുന്പോള് ആ പൂരത്തെ മുഴുവനായി മനസിലാവാഹിച്ചെടുക്കാനുള്ള തിരക്കാണ് ഓരോ പൂരപ്രേമിക്കും.
തിരുവന്പാടിയുടെ പ്രശസ്തമായ മഠത്തില്‍വരവിന് തിരുവന്പാടി ചെറിയ ചന്ദ്രശേഖരന് തിടന്പേറ്റും. തിരുവന്പാടി ശിവസുന്ദര്‍ ചരിഞ്ഞതിനെ തുടര്‍ന്നാണ് ചെറിയ ചന്ദ്രശേഖരന് തിടന്പേറ്റുന്നത്. മഠത്തിലെവരവിന്റെ പഞ്ചവാദ്യപ്രമാണി കോങ്ങാട് മധുവാണ്.
പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേള പ്രമാണം പതിവുതെറ്റാതെ പത്മശ്രീ പെരുവനം കുട്ടന്മാരാര് തന്നെയാണ്. തിരുവന്പാടിക്കു മേളപ്രമാണം കിഴക്കൂട്ട് അനിയന് മാരാരും. പാറമേക്കാവിന്റെ പഞ്ചവാദ്യപ്രമാണം പരയ്ക്കാട് തങ്കപ്പന് മാരാര്‍ ആണ്. പാറമേക്കാവിലമ്മയുടെ തിടന്പേറ്റുന്നത് പാറമേക്കാവ് ശ്രീപത്മനാഭനാണ്.













