തിരുവനന്തപുരം: മാരകരാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മല്‍സ്യം സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പിടികൂടിയ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മല്‍സ്യങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .ഇന്ന് വര്‍ക്കല പുന്നമൂട് ചന്തയില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ അഴുകിയ മല്‍സ്യം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ ഫുഡ്‌സേഫ്റ്റി- ഫിഷറീസ് വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച അറുപത് കിലോ ചൂര മീനും അഴുകിയ 50കിലോ കൊഴിയാള മല്‍സ്യവും പിടിച്ചെടുത്തത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ചന്തയില്‍ പരിശോധന നടത്തുന്നത്. അമോണിയ, ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ വില്‍പ്പന വ്യാപകമെന്ന് പരാതിയെ തുടര്‍ന്നാണ് പരിശോധന.നഗരസഭ ആരോഗ്യവിഭാഗത്തിന്റെ എച്ച്‌ഐ സന്തോഷ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ വിജയകുമാര്‍, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ സുശീല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മല്‍സ്യത്തില്‍ രാവസവസ്തു ചേര്‍ത്തു വില്‍ക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ ജെഎച്ച്‌ഐമാരായ രാജേഷ്, ഉദയകുമാര്‍, ബിനുകുമാര്‍, ബിജു തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മാരക രാസപദാര്‍ഥങ്ങള്‍ അടങ്ങിയ 1500 കിലോ മീനാണ് പിടിച്ചെടുത്തത്. കേരളത്തില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നതിനിടെയാണ് ഇവ പിടിയിലായത്. ഇതോടെയാണ് പരിശോധന കര്‍ശനമാക്കുവാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം ലഭിച്ചത്













