പുതിയ സ്വാശ്രയ കോളേജുകള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഹൈക്കോടതി നീക്കി


സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജോ കോഴ്സോ അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.നിയമനിര്‍മാണത്തിലൂടെയല്ലാതെ നയതീരുമാനത്തിന്റെ ഭാഗമായുള്ള ഉത്തരവിലൂടെ നിയന്ത്രണം സാധ്യമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം കണിയാപുരം എം.ജി.എം. കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് 2016 ഓഗസ്റ്റ് 22-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ആദ്യം കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയവിലക്ക് ഡിസംബര്‍ 21-ന് സിംഗിള്‍ബെഞ്ച് റദ്ദാക്കി. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോഴത്തെ ഉത്തരവ്.
നിയന്ത്രണമില്ലെങ്കില്‍ സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുമെന്ന കേരളസര്‍വകലാശാലയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ വരുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. ആവശ്യക്കാരുണ്ടെങ്കില്‍ മാത്രമേ കോളേജുകള്‍ വരികയുള്ളൂ.
വേണ്ടത്ര കോളേജുകളില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതും തുടരാന്‍ അനുവദിക്കുന്നതും വിദ്യാഭ്യാസമേഖലയുടെ അടിത്തറയിളകാനിടയാക്കും. ജനങ്ങളുടെ വിദ്യാഭ്യാസാവശ്യം നിഷേധിക്കലാവുമതെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. വിദ്യാഭ്യാസം ജീവിതത്തിന്‍റെയും സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഭാഗമാണ്. എവിടെ, ഏതു കോളേജില്‍, ഏതു കോഴ്സിന് ചേരണമെന്ന് തീരുമാനിക്കുന്നത് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. സമ്ബൂര്‍ണസാക്ഷരത നേടിയെന്നഭിമാനിക്കുന്ന സംസ്ഥാനത്ത് വേണ്ടത്ര ഉന്നതവിദ്യാഭ്യാസ സൗകര്യമില്ലെന്ന് കോടതി വിലയിരുത്തി.
ഒട്ടേറെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നു. അതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ പുതിയ സ്വാശ്രയകോളേജുകളും കോഴ്സുകളും വിലക്കിയത്. പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശത്തെയും ബാധിക്കുന്നതാണിത്. വര്‍ഷങ്ങളുടെ പരിശ്രമത്തിനും മുതല്‍മുടക്കിനും ശേഷം അവസാനഘട്ടത്തില്‍ അനുമതി നിഷേധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിലവാരം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍വകലാശാലയാണ്. തക്കകാരണമില്ലാതെ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത് സ്വേച്ഛാപരമാണ്. അക്കാര്യത്തില്‍ സര്‍വകലാശാലകള്‍ക്ക് ചട്ടപ്രകാരം അധികാരമുണ്ട്. അത് ഉത്തരവിലൂടെ കവര്‍ന്നെടുക്കാന്‍ സര്‍ക്കാരിനാവില്ല. സര്‍വകലാശാലാ ചട്ടത്തിലെ അഫിലിയേഷന്‍ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നതിനു തുല്യമാണ് നയതീരുമാനം. അതിന് സാധുത അകാശപ്പെടാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.




Sharing is Caring