പുതിയ വസതിയും വാഹനവും അനുവദിക്കണം; ആവശ്യവുമായി മണിക് സര്‍ക്കാര്‍


അഗര്‍ത്തല: സ്വന്തമായി വീടില്ലാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ സ്വന്തമായി വീടും വാഹനവും അനുവദിക്കണമെന്ന് ത്രിപുര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു ശേഷം പാര്‍ട്ടി ഓഫീസിലാണ് മണിക് സര്‍ക്കാര്‍ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വീടും എസ്‌യുവിയും അനുവദിക്കണം എന്നുമാണ് പ്രതിപക്ഷ നേതാവു കൂടിയായ അദ്ദേഹത്തിന്റെ ആവശ്യം.


തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നിയമസഭാ സെക്രട്ടറി ബാംദേവ് മജുംദാറിനാണ് അദ്ദേഹം കത്ത് നല്‍കിയത്. ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ അംബാസിഡര്‍ കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാലാണ് മണിക് സര്‍ക്കാര്‍ വലിയ വാഹനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അധികാരം നഷ്ടപ്പെട്ടതോടെ ആഡംബര ജീവിതം നയിക്കുന്നതിനാണ് അദ്ദേഹം വലിയ വാഹനത്തിന് ആവശ്യപ്പെട്ടു എന്നാണ് ബിജെപി ആരോപിക്കുന്നത്.


എന്നാല്‍ വാഹനം ആവശ്യപ്പെട്ട മണിക് സര്‍ക്കാറിന് ബൊലേറോ ജീപ്പാണ് ബിജെപി സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ അത് സ്വീകരിക്കാന്‍ മണിക് സര്‍ക്കാര്‍ തയ്യാറായില്ല. വാഹനത്തിന് അഞ്ച് വര്‍ഷം പഴക്കമുണ്ടെന്നം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിയെന്നും കാണിച്ചാണ് അദ്ദേഹം വാഹനം നിരസിച്ചത്.



Sharing is Caring