പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കം


പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കം. ഇന്നുമുതല്‍ ജൂണ്‍ അഞ്ചുവരെയാണ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആഘോഷത്തോടനുബന്ധിച്ച് വികസന, ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 140 നിയമസഭാ മണ്ഡലത്തിലും വിവിധ പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ബാലഭാസ്കര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രഞ്ജിത് ബാരോട്ട്, ഫസല്‍ഖുറേഷി എന്നിവര്‍ അവതരിപ്പിക്കുന്ന ബിഗ്ബാന്‍ഡ് അരങ്ങേറും.ഇന്നുമുതല്‍ ജില്ലകളില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം, സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം, പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍, പട്ടയവിതരണം, കരകൌശലമേള, സാംസ്കാരിക കൂട്ടായ്മ, തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ജില്ലകളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.




Sharing is Caring