മുംബൈ :പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പ തട്ടിപ്പ്. ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. മുംബൈയിലെ ചാന്ദ്‌നി പേപ്പേഴ്‌സ് എന്ന കമ്പനിയാണ് വായ്പ തട്ടിപ്പ് നടത്തിയത്. 9.9 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് സിബിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ ശാഖയില്‍ നിന്നാണ് വിവാദ വ്യവസായി നീരവ് മോദിയും വായ്പ തട്ടിപ്പ് നടത്തിയത്.
ചാന്ദ്‌നി പേപ്പേഴ്‌സ് എന്ന കമ്പനിക്ക് ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള ലേറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്റിംഗ് അനധികൃതമായി പിഎന്‍ബി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കമ്പനി എസ്ബിഐയുടെ മുംബൈയിലെ ശാഖയില്‍ ഒമ്പതു കോടി രൂപ വായ്പ എടുത്ത ശേഷം മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

നീരവ് മോദി കേസില്‍ നടന്ന അതേ ശൈലിയിലാണ് ഈ തട്ടിപ്പും നടന്നത്. നീരവ് മോദിക്കും പിഎന്‍ബി ലേറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്റിംഗ് അനധികൃതമായി നല്‍കിയതിനെ തുടര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്ന് വായ്‌പെടുത്ത ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.













