കുലശേഖരം : കൂറ്റന്‍ പാറയ്ക്ക് അടിയില്‍പെട്ട യുവാവിന് മണിക്കൂറുകള്‍ക്ക് ശേഷം അദ്ഭുതകരമായ പുനര്ജന്മം. പാറ ഖനനത്തിനിടെ കൂറ്റന്‍ പാറ അടര്‍ന്ന് മണ്ണുമാന്തിയന്ത്രത്തിനു മുകളില്‍ വീണതോടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റര്‍ മുഞ്ചിറ സ്വദേശി ബിജുമോന്(33) അതിനടിയില്പെടുകയായിരുന്നു.
മണ്ണുമാന്തിയന്ത്രത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണു പാറയുടെ അടിയില്‍ പുറത്തു കാണാനുണ്ടായിരുന്നതെങ്കിലും യന്ത്രത്തിന്റെ അടിയില്‍പെട്ട ബിജുമോന് കാലിനുള്ള ചെറിയ പരുക്കേയുള്ളൂ. ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകളും മണ്ണുമാന്തികളും ക്രെയിനുകളും അടക്കം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. എട്ടു മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബിജുവിനെ രക്ഷപ്പെടുത്തിയത്.














