ജബല്‍പൂര്‍: മദ്ധ്യപ്രദേശിലെ പതിനാലുകാരിയെ രണ്ട് മാസം തടവില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സൗരഭ് ചക്രവര്‍ത്തി, പ്രമോദ് ചക്രവര്‍ത്തി, ഹണി ചക്രവര്‍ത്തി എന്നിവരാണ് അറസ്റ്റിലായത്. രാഹുല്‍ ചക്രവര്‍ത്തി, ബന്റു സോങ്കര്‍ എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. അറസ്റ്റിലായ മൂവരും 18നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജബല്‍പൂരിലെ ഗൊരഖ്പൂര്‍ പ്രദേശത്താണ് സംഭവം നടന്നത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടി രണ്ട് ദിവസം മുന്‍പ് ഗര്‍ഭഛിദ്രത്തിന് വിധേയായെന്ന വാര്‍ത്ത പരന്നതോടെയാണ് മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ട് പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ കുട്ടിയെ അഞ്ച് പ്രതികളും ചേര്‍ന്ന് പലതവണയായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഒരു ഡോക്ടറെ കണ്ട് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ഡോക്ടറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കോടതിയുടെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്.

മാതാപിതാക്കള്‍ക്കൊപ്പം ചേരിപ്രദേശത്താണ് കുട്ടി താമസിച്ചുവന്നത്. സഹോദരനും കൂടി അടങ്ങിയതാണ് കുടുംബം.













