പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അത്യുഗ്രൻ ജയം


മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. വില്ലനായി മഴ പലതവണ അവതരിച്ചെങ്കിലും. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ഉഗ്രൻ സ്‌കോര്‍ നേടി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സാണ് വാരിക്കൂട്ടിയത്. രോഹിത് ശര്‍മ്മ (140), ലോകേഷ് രാഹുല്‍ (57) എന്നിവരുടെ മികവുറ്റ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പാക്കിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മുഹമ്മദ് ആമിര്‍ 3 വിക്കറ്റുകള്‍ നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനെ മഴ ചതിച്ചു. മഴ നിയമപ്രകാരം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പാക് വിജയലക്ഷ്യം 302 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ പാക്കിസ്ഥാന് 212 റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫക്കര്‍ സമാന്‍ (62), ബാബര്‍ അസം (48), ഇമാദ് വാസിം (46) എന്നിവരാണ് പാക്കിസ്ഥാന്‍ വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കറും, കുല്‍ദീപ് യാദവും, ഹാര്‍ദിക് പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.




Sharing is Caring