പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി ആഗോള എയര്‍ലൈനുകള്‍


പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, വര്‍ധിച്ച ഇന്ധനച്ചെലവ് യാത്രക്കാരില്‍ നിന്ന് ഈടാക്കാന്‍ വിമാനക്കമ്പനികള്‍.ഇന്ധനവില വര്‍ധനവ് മൂലം ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്താനാണ് വിവിധ എയര്‍ലൈനുകളുടെ തീരുമാനം. വിമാന ഇന്ധനത്തിന് ബാരലിന് 150 മുതല്‍ 200 ഡോളര്‍ വരെ വില ഉയര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്.


ന്യൂസിലന്‍ഡിന്റെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ന്യൂസിലന്‍ഡ് ചൊവ്വാഴ്ച മുതല്‍ ടിക്കറ്റ് നിരക്കുകളില്‍ വര്‍ധിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ധനവില ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കില്‍ 10 ന്യൂസിലന്‍ഡ് ഡോളറാണ് (ഏകദേശം 500 രൂപ) വര്‍ധിപ്പിച്ചിരിക്കുന്നത്.അന്താരാഷ്ട്ര ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് 20 ഡോളറും, ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് 90 ഡോളറുമാണ് (ഏകദേശം 7,500 രൂപയിലധികം) എയര്‍ ന്യൂസിലന്‍ഡ് വര്‍ധിപ്പിച്ചത്.


യുദ്ധത്തിന് മുന്‍പ് ബാരലിന് 85 മുതല്‍ 90 ഡോളര്‍ വരെയായിരുന്ന വിമാന ഇന്ധന വില ഇപ്പോള്‍ 150 മുതല്‍ 200 ഡോളര്‍ വരെയായി ഉയര്‍ന്നതാണ് തീരുമാനത്തിന് കാരണമെന്ന് എയര്‍ലൈന്‍ റോയിട്ടേഴ്സിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.ഹോങ്കോംഗ് എയര്‍ലൈന്‍സ് വ്യാഴാഴ്ച മുതല്‍ ഇന്ധന സര്‍ചാര്‍ജ് 35.2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. ഈ മേഖലയിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായ 284 HK ഡോളറില്‍ നിന്ന് 384 HK ഡോളറായി ($49) ഉയരും.പ്രവര്‍ത്തനച്ചെലവ് 60 ശതമാനം മുതല്‍ 70 ശതമാനം വരെ വര്‍ധിച്ചതിനാല്‍, ഇന്ധനത്തിന്മേലുള്ള പരിസ്ഥിതി നികുതി ഒഴിവാക്കണമെന്ന് വിയറ്റ്‌നാം എയര്‍ലൈന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ടിക്കറ്റ് നിരക്കുകള്‍ പ്രതിമാസം അവലോകനം ചെയ്ത് വരികയാണെന്നും വര്‍ധനവിന് സാധ്യതയുണ്ടെന്നും കാഥേ പസഫികും അറിയിച്ചു.തിങ്കളാഴ്ച ബാരലിന് 119 ഡോളറിലെത്തിയ എണ്ണവില ചൊവ്വാഴ്ച 90 ഡോളറിലേക്ക് താഴ്ന്നത് വിപണിയില്‍ നേരിയ ആശ്വാസം നല്‍കി. യുദ്ധം ഉടന്‍ അവസാനിച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് എയര്‍ ന്യൂസിലന്‍ഡ്, കൊറിയന്‍ എയര്‍, ക്വാണ്ടാസ്, കാഥേ പസഫിക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ യുദ്ധമേഖലകള്‍ ഒഴിവാക്കി ദീര്‍ഘദൂര പാതകളിലൂടെ വഴിതിരിച്ചു വിടേണ്ടി വരുന്നത് യാത്രാസമയവും ഇന്ധന ഉപഭോഗവും വര്‍ധിപ്പിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര യാത്രകള്‍ കുറയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു.

യുദ്ധം എട്ട് ആഴ്ചയിലധികം നീണ്ടുനിന്നാല്‍ ഏകദേശം 6 ലക്ഷത്തോളം വിനോദസഞ്ചാരികളെ നഷ്ടപ്പെടുമെന്നും 1.29 ബില്യണ്‍ ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാകുമെന്നും തായ്ലന്‍ഡ് വിനോദസഞ്ചാര മന്ത്രാലയം കണക്കാക്കുന്നു.എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ്, എത്തിഹാദ് തുടങ്ങിയ മിഡില്‍ ഈസ്റ്റേണ്‍ വിമാനക്കമ്പനികള്‍ വഴിയാണ് ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാരില്‍ വലിയൊരു വിഭാഗവും സഞ്ചരിക്കുന്നത്. ഈ നെറ്റ്വര്‍ക്കുകളിലുണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള യാത്രയില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.



Sharing is Caring