പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച്‌ ഫ്രാൻസ്


പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച്‌ ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയില്‍ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പ്രഖ്യാപനം നടത്തിയത്.ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോണ്‍ പറഞ്ഞു.


ന്യൂയോർക്കില്‍ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിർണായക പ്രഖ്യാപനവും പ്രസംഗവും.ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച്‌ ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേല്‍ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോണ്‍ പറഞ്ഞു.


ഫ്രാൻസിന്റെ നീക്കം കൂടുതല്‍ രാജ്യങ്ങള്‍ ഏറ്റുപിടിക്കുമെന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ പലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെയും മാക്രോണ്‍ പ്രശംസിച്ചു.



Sharing is Caring